ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ രംഗനാഥന്‍ ചെന്നൈയില്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ നിന്നെത്തിയ അന്വേഷണ സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്. അന്വേഷണത്തിന് ശേഷം പ്ലാന്‍റ് ശാശ്വതമായി അടച്ചുപൂട്ടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.
ഇന്ന് പുലര്‍ച്ചയാണ് മധ്യപ്രദേശില്‍ നിന്നെത്തിയ അന്വേഷണ സംഘം ചെന്നൈ അശോക് നഗര്‍ പൊലീസിന്‍റെ സഹായത്തോടെ രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത പൊലീസ് ഉച്ചയോടെയാണ് സെയ്താപേട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെയാണ് മധ്യപ്രദേശില്‍ നിന്നുള്ള അന്വേഷണസംഘം തമിഴ്നാട്ടില്‍ എത്തിയത്. കമ്പനിയുടെ ചെന്നൈയിലുള്ള ഓഫിസും കാഞ്ചീപുരത്തെ പ്ലാന്‍റും പരിസരവും ഇവര്‍ പരിശോധിച്ചിരുന്നു. നടപടി കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍ രംഗത്തെത്തി. മരുന്നിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് രണ്ട് സീനിയര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പ്ലാന്‍റില്‍ നടത്തിയ പരിശോധനയില്‍ 350 ലേറെ പിഴവുകള്‍ കണ്ടെത്തിയിരുന്നു.കോള്‍ഡ്രിഫ്, റെസ്പിഫ്രഷ്, റിലൈഫ് എന്നീ മരുന്നുകള്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് കേന്ദ്രം ലോകാരോഗ്യ സംഘനയ്ക്ക് മറുപടി നല്‍കി. നിലവില്‍ ഇവയുടെ ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും വിപണിയില്‍ ഉള്ളവ തിരിച്ചുവിളിച്ചിട്ടുണ്ട് എന്നും കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.