ചുമ മരുന്ന് ജീവനെടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമേറുന്നു. മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 20ആയി. കോഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടി കടുപ്പിച്ച മധ്യപ്രദേശ് പൊലീസ് സംഘം കാഞ്ചിപുരത്തെത്തി.
ഡോക്ടർ പ്രവീൺ സോണിയുടെ അറസ്റ്റിനെതിരെ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം ഇന്‍ഡോറില്‍ തുടരുകയാണ്. പ്രതിരോധ നടപടികൾക്കിടയിലും മധ്യപ്രദേശിൽ ചുമ മരുന്നു കഴിച്ച കുട്ടികളുടെ മരണം തുടരുകയാണ്. ചിന്ദ്വാഡയിൽ നിന്നുള്ള 17 ഉം ബീദുലിൽ നിന്നും രണ്ടും പന്ദുർണയിൽ നിന്നുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. വൃക്ക തകരാറിലായതിനെ തുടർന്ന് അഞ്ച് കുട്ടികൾ ചികിത്സയിലുണ്ട്. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാക്കളായ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെയും നടപടി കടുപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ചിന്ദ്വാഡയിൽ നിന്നുള്ള പോലീസ് സംഘമാണ് കാഞ്ചിപുരത്ത് തുടര്‍ നടപടികള്‍ക്കായി എത്തിയിട്ടുള്ളത്.
ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് 350 പിഴവുകൾ വരുത്തി എന്ന കണ്ടെത്തലില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തമിഴ്നാട് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് എതിരെ നടപടി എടുത്തേക്കും. കൃത്യമായ പരിശോധനകളോ നടപടികളോ എഫ്ഡിഎ നടത്തിയില്ല എന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്നുമാണ് കണ്ടെത്തല്‍. ചിന്ദ്വാഡയില്‍ കുട്ടികള്‍ക്ക് കോള്‍ഡ്രിഫ് നിര്‍ദേശിച്ച ഡോക്ടർ പ്രവീൺ സോണിയുടെ അറസ്റ്റിനെതിരെ തുടരുന്ന സമരം ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണം എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റെഗുലേറ്ററി ബോഡികളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെയും പിഴവുകളിൽ നിന്നും ശ്രദ്ധ തിരി തിരിക്കാനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നാണ് ഐഎംഎ അടക്കം ആരോപിക്കുന്നത് . രാജസ്ഥാനിലും നേരത്തെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു.