മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍ പലപ്പോഴു കണ്ണുനനയിക്കും. അത്തരത്തില്‍ ഒരു കഥയാണ് മധ്യപ്രദേശിലെ ജഗദീഷിന്‍റെയും അദ്ദേഹത്തിന്‍റെ വളര്‍ത്തുനായ മോതിയുടേയും കഥ... ഒരു കഥയല്ല, യഥാര്‍ഥ സംഭവം. മരണശേഷവും ഉടമയെ വിട്ടുപിരിയാന്‍ വിസമ്മതിച്ച, രാത്രി മുഴുവൻ കാവൽ നിന്ന, അദ്ദേഹത്തിന്‍റെ മൃതദേഹത്തെ അനുഗമിച്ച, അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിച്ച നായയുടെ കഥ.
തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ബദോറ ഗ്രാമത്തിലെ നാൽപ്പതുകാരനായ ജഗദീഷ് പ്രജാപതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ജഗദീഷിന്‍റെ വിയോഗമറിഞ്ഞെത്തിയ ബന്ധുക്കള്‍ കണ്ടത് അദ്ദേഹത്തിന്‍റെ മൃതദേഹത്തിനരികിൽ അനങ്ങാതെ ഇരിക്കുന്ന വളര്‍ത്തുനായയെയാണ്. ഒരു കാവല്‍ക്കാരനെപ്പോലെ... രാത്രി മുഴുവനും ആ നായ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനടുത്ത് തന്നെയായിരുന്നു. കരയാതെ നിശബ്ദനായി....
പിറ്റേന്ന് രാവിലെ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയപ്പോൾ നായ വാഹനത്തിന്‍റെ പിന്നിൽ ഏകദേശം നാല് കിലോമീറ്ററോളം ഓടി. നായ പിന്മാറില്ലെന്ന് മനസിലായ നാട്ടുകാര്‍ അതിന് ഓടിയെത്താന്‍ കഴിയാതെ വന്നപ്പോള്‍ അവനെയും ആ ട്രാക്ടര്‍ ട്രോളിയില്‍ കയറ്റി. പോസ്റ്റ്‌മോർട്ടം കഴിയും വരെയും നായ കാത്തിരുന്നു. എല്ലാം പൂർത്തിയായപ്പോൾ മൃതദേഹത്തോടൊപ്പം നായയും ഗ്രാമത്തിലേക്ക് മടങ്ങി.
ശ്മശാനത്തില്‍ നായ ചിതയ്ക്ക് സമീപം ഇരുന്നു. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. അതിനെ മാറ്റാന്‍ നാട്ടുകാര്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജഗദീഷ് മോതിയെന്ന് വിളിച്ച ആ നായയുടേയും അദ്ദേഹത്തിന്‍റേയും വേര്‍പിരിയാനാകാത്ത സ്നേഹം നാട്ടുകാരുടേയും കണ്ണുനനയിച്ചു. ഒരു നായയുടെ അചഞ്ചലമായ വിശ്വസ്തതയുടെയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള തകർക്കാനാവാത്ത ബന്ധത്തിന്‍റേയും പ്രതീകമാകുകയാണ് മോതിയും ജഗദീഷും. അവസാനത്തെ കനലും അണയുന്നതുവരെ ആ വളര്‍ത്തുനായ തന്‍റെ യജമാനന്‍റെ അന്ത്യവിശ്രമസ്ഥലത്ത് തുടര്‍ന്നു.