Image: gofundme.com

വളര്‍ത്തു നായയുടെ ഉമിനീരിൽ നിന്നുണ്ടായ അണുബാധ മൂലം 52 കാരിക്ക് നഷ്ടമായത് ഇരു കാലുകളും കൈകളും. യുകെയിൽ നിന്നുള്ള മഞ്ജിത സംഘയ്ക്കാണ് ദുരനുഭവമുണ്ടായത്. 2025 ലായിരുന്നു സംഭവം. ഒടുവില്‍ 32 ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം മഞ്ജിത വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

2025 ജൂലൈയിലെ ഒരു ശനിയാഴ്ച, തന്‍റെ അരുമയായ വളര്‍ത്തുനായയ്ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചതിന് ശേഷമാണ് മഞ്ജിത ജോലിക്ക് പോകുന്നത്. അന്ന് മഞ്ജിതയ്ക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് കമൽജിത് പറയുന്നു. പിറ്റേന്ന് ഞായറാഴ്ചയും മഞ്ജിത ജോലിക്ക് പോയി. എന്നാല്‍ അന്ന് ഉച്ചയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ, മഞ്ജിത അബോധാവസ്ഥയിലായിരുന്നു. കൈകാലുകള്‍ മരവിച്ച്, ചുണ്ടുകൾ പർപ്പിൾ നിറമായിരുന്നുവെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടിയിരുന്നെന്നും കമൽജിത് ബിബിസിയോട് പറഞ്ഞു.

തുടര്‍ന്നാണ് മഞ്ജിതയെ വോൾവർഹാംപ്ടണിലെ ന്യൂ ക്രോസ് ആശുപത്രിയിലെത്തിക്കുന്നത്. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി കോമയിലായി. രോഗം മൂര്‍ച്ഛിക്കുകയും അണുബാധ ശരീരത്തിലാകെ പടരാന്‍ തുടങ്ങുകയും ചെയ്തതോടെ മഞ്ജിതയുടെ രണ്ട് കാലുകളും കാൽമുട്ടിന് താഴെയായി മുറിച്ചുമാറ്റേണ്ടിവന്നു. പിന്നാലെ കൈകളും മുറിച്ചുമാറ്റി. ആശുപത്രിയില്‍ കിടന്ന ദിവസമത്രയും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണ് മഞ്ജിത കടന്നുപോയത്. ആശുപത്രി വാസത്തിനിടെ ആറ് തവണ ഹൃദയാഘാതമുണ്ടായി. മറ്റ് നിരവധി മെഡിക്കല്‍ സങ്കീർണതകള്‍. പ്ലീഹ ഗ്രന്ഥി നീക്കം ചെയ്യുകയും ചെയ്തു.

മഞ്‍ജിതയ്ക്ക് സംഭവിച്ചത്

മാരകമായ സെപ്സിസ് എന്ന രോഗാവസ്ഥയാണ് മഞ്ജിതയ്ക്കുണ്ടായത്. ശരീരത്തിലുണ്ടായ ചെറിയ മുറിവിലോ പോറലിലോ നായ നക്കിയതു വഴിയുണ്ടായ അണുബാധയാണ് ഇതിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവഴി നായയുടെ ഉമിനീരിൽ നിന്നുള്ള ബാക്ടീരിയകൾ മഞ്ജിതയുടെ രക്തപ്രവാഹത്തിലെത്തി. കാപ്നോസൈറ്റോഫാഗ കാനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയയാണിത്. ഇത് നായ്ക്കളില്‍ ദോഷകരമല്ലെങ്കിലും മനുഷ്യരിൽ അണുബാധയ്ക്കും സെപ്സിസിനും അതുവഴി മരണത്തിനും വരെ കാരണമാകാം. സാധാരണ നായ കടിച്ചാല്‍ അണുബാധ ഉണ്ടാകാം. എന്നാല്‍ വെറുതെ നക്കിയാല്‍ പോലും ചിലപ്പോള്‍ അണുബാധ പിടിപെടാം. പൂച്ചയില്‍നിന്നും ഈ അണുബാധ ഉണ്ടാകാറുണ്ട്.

എന്താണ് സെപ്സിസ്?

രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മാരകമായ രോഗമാണ് സെപ്സിസ്. ബാക്ടീരിയയിൽ നിന്നുള്ള വിഷാംശം (എന്‍ഡോടോക്സിൻ) രക്തത്തില്‍ പ്രവേശിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. വളരെ വേഗത്തിൽ അണുബാധ ശരീരത്തിലുടനീളം വ്യാപിക്കും. അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കും ചെയ്യും. ഗുരുതരമായ കേസുകളിൽ സെപ്സിസ്, സെപ്റ്റിക് ഷോക്ക് ആയി മാറിയേക്കാം. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. ഇത് കോശങ്ങള്‍ക്ക് കേടുപാടുകൾ വരുത്തുകയും ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും കാരണമാകും. രോഗിയുടെ മരണത്തിലേക്കും നയിക്കും.

കാരണങ്ങള്‍

ബാക്ടീരിയ അണുബാധകളാണ് സെപ്‌സിസിന്‍റെ പ്രധാന കാരണം. ഫംഗസുകള്‍, പാരസൈറ്റുകള്‍, വൈറസുകള്‍ എന്നിവ മൂലമുള്ള അണുബാധകളും സെപ്‌സിസിന് കാരണമാകാൻ സാധ്യതയുണ്ട്. ശ്വസനവ്യവസ്ഥയിലെ അണുബാധകൾ, മൂത്രസഞ്ചി– വൃക്ക– മൂത്രനാളിയിലെ അണുബാധകൾ, അപ്പെൻഡിക്സ് (അപ്പെൻഡിസൈറ്റിസ്)– പെരിറ്റോണിറ്റിസ്– പിത്താശയം അല്ലെങ്കിൽ കരൾ തുടങ്ങിയ ദഹനവ്യവസ്ഥയിലെ അണുബാധകൾ, തലച്ചോറ്– സുഷുമ്നാ നാഡി ഉൾപ്പെടെയുള്ള കേന്ദ്ര നാഡീവ്യൂഹത്തിലെ അണുബാധകൾ, ചർമ്മത്തിലെ അണുബാധകൾ എന്നിവയെല്ലാം സെപ്‌സിസിലേക്ക് നയിച്ചേക്കാം. 

ലക്ഷണങ്ങൾ

സെപ്സിസ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചേക്കാം. ദേഹമാകെ ചുവന്നു തടിക്കുക, ചർമ്മത്തിൽ ചെറുതും കടും ചുവപ്പുനിറത്തിലുള്ളതുമായ പാടുകൾ, മൂത്രമൊഴിക്കുന്നതിന്‍റെ അളവ് കുറയുക അല്ലെങ്കിൽ നിരന്തരം മൂത്രമൊഴിക്കാന്‍ തോന്നുക, ക്ഷീണം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, പനി അല്ലെങ്കില്‍ വളരെ കുറഞ്ഞ ശരീര താപനില, വിറയൽ അല്ലെങ്കിൽ തണുപ്പ്, വേഗത്തിലുള്ള ശ്വസനം അല്ലെങ്കിൽ ശ്വാസം മുട്ടൽ, അതികഠിനമായ വേദന എന്നിവയാണ് സെപ്സിസിന്റെ ലക്ഷണങ്ങൾ.

സങ്കീര്‍ണതകള്‍

1. സെപ്റ്റിക് ഷോക്ക്: സെപ്സിസ് രക്തസമ്മർദ്ദത്തെ കുത്തനെ കുറയ്ക്കുകയും അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഓക്സിജന്റെ അഭാവം മൂലം കലകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.

2. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS): സെപ്സിസ് ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഓക്സിജൻ കൈമാറ്റത്തെ കുറയ്ക്കുന്നു. രോഗികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. രോഗിയെ ഉടന്‍ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ശ്വാസകോശത്തിന് ദീർഘകാല കേടുപാടുകൾ സംഭവിക്കുകയും ചെയ്തേക്കാം.

3. ഡിസെമിനേറ്റഡ് ഇൻട്രാവാസ്കുലർ കോഗ്യുലേഷൻ (DIC): ശരീരത്തിലുടനീളം അസാധാരണമായി രക്തം കട്ടപിടിക്കുന്നതും വ്യാപകമായ രക്തസ്രാവത്തിന് കാരണമാകുന്നതും ചെയ്യും.

4. സെപ്സിസ് രക്തയോട്ടം കുറയുന്നത് വൃക്കകൾക്ക് ഓക്സിജൻ ലഭിക്കാതെ വരാൻ കാരണമാകുന്നു. ഇതോടെ വൃക്കകൾ തകരാറിലാകും. ഒടുവിൽ ഡയാലിസിസ് ആവശ്യമായി വരാം. സെപ്സിസിനെ അതിജീവിച്ചവര്‍ക്ക് വിട്ടുമാറാത്ത വൃക്ക പ്രശ്നങ്ങളോ സ്ഥിരമായ കേടുപാടുകളോ നേരിടേണ്ടി വന്നേക്കാം.

5. പോസ്റ്റ്-സെപ്സിസ് സിൻഡ്രോം (PSS): സെപ്സിസിനെ അതിജീവിച്ചവരിൽ ഭൂരിഭാഗവും പേര്‍ക്ക് പി‌എസ്‌എസ് ബാധിക്കുന്നു. ക്ഷീണം, പേശികള്‍ക്ക് ബലഹീനത, മൂഡ് സ്വിങ്സ്, അവയവങ്ങള്‍ക്ക് കേടുപാടുകൾ, പി‌ടി‌എസ്‌ഡി, ആവർത്തിച്ചുള്ള അണുബാധകൾ എന്നിവയുണ്ടാകാം. സുഖം പ്രാപിച്ചതിന് ശേഷവും മാസങ്ങളോ വർഷങ്ങളോ ഇവ നിലനിൽക്കാം.

ENGLISH SUMMARY:

In a devastating medical incident from the UK, 52-year-old Manjita Sangha had both her arms and legs amputated following a severe infection caused by her pet dog’s saliva. The infection, caused by the bacteria Capnocytophaga canimorsus, led to sepsis and multiple organ failure, including six heart attacks during her 32-week hospital stay. Doctors believe the bacteria entered her bloodstream through a minor scratch or wound. Manjita’s recovery is a miracle, but she now lives with permanent life-altering disabilities. This story serves as a critical warning about the risks of sepsis and the importance of monitoring health after animal contact. Learn about the symptoms of sepsis, such as purple skin discoloration, rapid heart rate, and difficulty breathing. Stay informed about pet hygiene and medical safety measures in 2026 to prevent such fatal bacterial infections.