ഗുരുവായൂരിനു സമീപമുള്ള മാണിക്യത്തുപ്പടിയെന്ന ഗ്രാമം. സൂസിയെന്ന് വിളിപ്പേരുള്ള തെരുവുനായയെ ഒരുപാട് ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍. അവര്‍, ഇടയ്ക്കിടെ ബിസ്ക്കറ്റ് കൊടുക്കും. ഇതിനിടെ, പേയിളകിയ മറ്റൊരു നായ ഈ നായയെ കടിച്ചെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. പിന്നീട്, നായ ആക്രമിക്കപ്പെട്ടു. ആരോ ഒരു കണ്ണില്‍ കുത്തിപരുക്കേല്‍പിച്ചു. ഗുരുവായൂര്‍ മാണിക്യത്തുപ്പടി സ്വദേശിയായ ശ്രീനിവാസന്‍ നാട്ടില്‍ വരുമ്പോള്‍ ഈ നായയുമായി എങ്ങനെയോ അടുത്തിരുന്നു. സാധാരണ നായകളെ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍. വീട്ടുകാര്‍ വിളിച്ച് നായയുടെ കാര്യം പറഞ്ഞപ്പോള്‍ സങ്കടമായി. എങ്ങനെയും നായയെ രക്ഷിക്കണമെന്ന് ശ്രീനിവാസനും ഭാര്യ ആഗ്നസും തീരുമാനിച്ചു. നായകളെ രക്ഷപ്പെടുത്തുന്ന ഏജന്‍സികളുടെ നമ്പറുകളില്‍ തുരുതുരാ വിളിച്ചു. പലരും എടുത്തില്ല. കാരണം, നാട്ടില്‍ പുലര്‍ച്ചെ സമയമായിരുന്നു. 

രക്ഷകന്‍ ‘ബ്രഹ്മന്‍’ ഫോണെടുത്തു

ഇരിങ്ങാലക്കുട സ്വദേശിയായ ബ്രഹ്മന്‍ എന്ന വിജിന്‍റെ നമ്പറില്‍ വിളിച്ചു. പുലര്‍ച്ചെ നാലു മണിക്ക് വാട്സാപ്പില്‍ കോളുകളും മെസേജുകളും വന്നതോടെ ഫോണെടുത്തു. തെരുവുനായയെ രക്ഷിക്കണം. നായകളെ രക്ഷിക്കാന്‍ ഏതു സമയത്ത് വിളിച്ചാലും തയാറായി നില്‍ക്കുന്ന യുവാവാണ് ബ്രഹ്മന്‍. പഴയ ഫുട്ബോള്‍ താരമാണ്. മൈതാനത്തു കിട്ടിയ വിളിപ്പേരാണ് ബ്രഹ്മന്‍. വിജിന്‍ എന്ന യഥാര്‍ഥ പേര് ബ്രഹ്മന്‍ തന്നെ മറന്നു . വേഗം ഗുരുവായൂരിലേയ്ക്കു കുതിച്ചു. ശ്രീനിവാസന്‍റെ കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ നായയെ പിടികൂടി ആശുപത്രിയിലേയ്ക്കു മാറ്റി. മാപ്രാണത്തെ പെറ്റ് ചികില്‍സ ആശുപത്രിയായ ബീറ്റ്സില്‍ പ്രവേശിപ്പിച്ചു. ബ്രഹ്മനോട് ശ്രീനി ചോദിച്ചു. എത്രയാണ് സര്‍വീസിന്‍റെ ഫീ. ബ്രഹ്മന്‍ പറഞ്ഞത് ഒറ്റമറുപടി . ‘ ഇതെന്‍റെ സര്‍വീസാണ്. പണം വാങ്ങാറില്ല. വണ്ടിയില്‍ പെട്രോള്‍ അടിച്ചുതന്നാല്‍ മതി’. യഥാര്‍ഥ മൃഗസ്നേഹികള്‍ ഒന്നിച്ചപ്പോള്‍ നായ രക്ഷപ്പെട്ടു. 

നായയെ കാണാന്‍ ഫ്രാന്‍സില്‍ നിന്ന് പറന്നെത്തി

ശ്രീനിവാസനും ഫ്രഞ്ചുകാരിയായ പത്നി ആഗ്നസും നായയെ കാണാന്‍ ഫ്രാന്‍സില്‍ നിന്ന് രണ്ടു മാസം മുമ്പ് പറന്നെത്തി. ശ്രീനിയെ കണ്ടതും നായ വീണ്ടും മമത കാട്ടി. നായയ്ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു പോകാനായിരുന്നു ആദ്യ തീരുമാനം. പക്ഷേ, ശ്രീനിയും ആഗ്നസും ഒന്നുറപ്പിച്ചു. നമ്മുക്ക് നായയെ ഫ്രാന്‍സിലേയ്ക്ക് കൊണ്ടുപോകാം. അങ്ങനെ, വീസ നടപടികള്‍ തുടങ്ങി. നവംബര്‍ ഒന്നിന് ബംഗ്ലുരുവില്‍ നിന്ന് നായ ഫ്രാന്‍സിലേയ്ക്കു പറക്കും. സൂസിയെന്ന പേരു മാറ്റി. ശ്രീനിയും ആഗ്നസും പേരിട്ടു. ജൂലി. ഇരുവരും ദമ്പതികളായിട്ട് ഇരുപതു വര്‍ഷമായി. ശ്രീനി യോഗ പരിശീലകനാണ് പാരിസില്‍. ആഗ്നസാകട്ടെ അധ്യാപികയും. 

ബോഡിങ്ങില്‍ താമസിപ്പിച്ചു

ആശുപത്രി ചികില്‍സയ്ക്കു ശേഷം തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ പോസ് സംഘടനയുടെ പെറ്റ് ബോഡിങ്ങില്‍ താമസിപ്പിച്ചു. പോസ് സംഘടനയുടെ ഭാരവാഹിയും മൃഗസ്നേഹിയുമായ പ്രീതിയുടെ പരിപാലനയില്‍ നായ ആരോഗ്യം വീണ്ടെടുത്തു. നായയുമായി ഇണങ്ങാന്‍ രണ്ടു മാസമായി ഇതേ ഇടത്ത് പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ശ്രീനിയും ആഗ്നസും. രാവിലെ നായയുമായി നടക്കാന്‍ പോകും. മികച്ച ഭക്ഷണം നല്‍കുന്നു.  നായയെ ഇഷ്ടമല്ലാതിരുന്ന ദമ്പതികള്‍ തെരുവു നായയുമായുള്ള ചങ്ങാത്തം കൊണ്ട് ഡോഗ് ലവേഴ്സ് ആയി മാറിയ കഥയാണിത്. 

നാട്ടില്‍ നിര്‍ത്താന്‍ മനസില്ല

ജൂലിയെ നാട്ടിലുപേക്ഷിച്ചു പോകാന്‍ ഈ ദമ്പതികള്‍ക്കു മനസില്ല. വിമാനത്തില്‍ പ്രത്യേക ബോക്സില്‍ ജൂലി ഇവര്‍ക്കൊപ്പം പറക്കുകയാണ്. കേരളപിറവി ദിനത്തിലാണ് ഇവരുടെ യാത്ര. കേരളത്തില്‍ മുറിവേറ്റ തെരുവുനായയെ രക്ഷിച്ച് ഫ്രാന്‍സിലേയ്ക്ക് കൊണ്ടുപോകുന്നു. അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായി അനില്‍ അക്കര ചുമതലയേറ്റ ശേഷം തെരുവുനായകളെ സംരക്ഷിച്ച് ദത്തെടുക്കാന്‍ സഹായിക്കുന്ന പദ്ധതി നടപ്പാക്കി. വന്ധ്യംകരിച്ച്, ആരോഗ്യം ഉറപ്പാക്കി തെരുവു നായകളെ വളര്‍ത്തുനായകളാക്കി മാറ്റുന്ന പദ്ധതി. ഈ പദ്ധതിയും ദമ്പതികളെ വലിയ രീതിയില്‍ സ്വാധീനിച്ചു. ജൂലി ഫ്രാന്‍സിലേയ്ക്കു പോകുമ്പോള്‍ വേര്‍പാടില്‍ വിഷമിക്കുകയാണ് ബ്രഹ്മന്‍. നാട്ടില്‍ നിര്‍ത്തിയാല്‍ വീണ്ടും തെരുവുനായയായി വളരേണ്ടി വരും. അതിനേക്കാള്‍ എന്തുക്കൊണ്ടും നല്‍കത് ഫ്രഞ്ച് മേല്‍വിലാസമാണ്. മനോരമ ഓഫിസിന്‍റെ മുറ്റത്ത് ജൂലിയുമായി വാര്‍ത്ത ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശ്രീനിയും ആഗ്നസും ബ്രഹ്മനോട് പറഞ്ഞു. ‘ഒരിക്കല്‍ വരണം ഫ്രാന്‍സിലേയ്ക്ക് . പാരിസില്‍ ഈഫല്‍ ടവറിനു മുമ്പില്‍ നിന്ന് ജൂലിയുമായി ബ്രഹ്മനൊപ്പം സെല്‍ഫിയെടുക്കണം’. നാട്ടിന്‍പുറത്തുക്കാരനായ ബ്രഹ്മന്‍റെ കണ്ണ് നിറഞ്ഞു. 

ENGLISH SUMMARY:

A stray dog named Suzie (later renamed Julie) from Manikkyappadi near Guruvayur, Kerala, who suffered severe injuries after being attacked, is set to fly to France with her rescuers, Sreenivasan and his French wife, Agnes. Sreenivasan, a yoga instructor in Paris, and Agnes, a teacher, met the injured dog through Vijin (popularly known as "Brahman"), a former football player and animal rescuer from Irinjalakuda who rushed to help at dawn. After treatment at Beets Pet Hospital in Mapranam and rehabilitation at POS pet boarding in Thrissur under Preethi's care, the couple decided to adopt Julie rather than leave her behind. Having spent two months staying nearby as paying guests to bond with her, Sreenivasan and Agnes completed visa formalities and are flying Julie to France from Bengaluru on November 1 (Kerala Piravi day), turning a once street dog into a cherished family member with a new home in Paris.