രോഗനിര്ണയത്തിലെയും ചികില്സയിലെയും പിഴവുമൂലം പറവൂരിൽ ശരീരം തളർന്ന് ജീവച്ഛവമായി കിടന്നിരുന്ന വളർത്തുനായ 'അകിര' പോയി. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നാല് വയസ്സുള്ള അകിരയുടെ ദയാവധത്തിനായി ഉടമ അനുമതി തേടിയിരുന്നുവെങ്കിലും, അതിന് മുമ്പ് തന്നെ നായ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരീരം തളര്ന്ന നായയുമായി ഉടമ എറണാകുളം പറവൂര് കൈതാരം സ്വദേശി വിഷ്ണുപ്രസാദ് പറവൂര് മൃഗസംരക്ഷണ കേന്ദ്രത്തിന് മുന്നില് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
നാല് വയസ്സായിരുന്നു അകിരയ്ക്ക്. ഒരു വയസ്സിനുള്ളിലാണ് അകിര വിഷ്ണുപ്രസാദിന്റെയും കുടുംബത്തിന്റെയും വീട്ടിലേക്ക് എത്തിയത്. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു അവർ അകിരയെ സ്നേഹിച്ചിരുന്നതും വളർത്തിയിരുന്നതും. എന്നാൽ കഴിഞ്ഞ ജൂലൈ മാസത്തിൽ നായയ്ക്ക് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പറവൂർ മൃഗസംരക്ഷണ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. അവിടെ പരിശോധിച്ച ഡോക്ടർമാർ ചെള്ളുപനിയാണെന്ന് സ്ഥിരീകരിക്കുകയും കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തു.
എന്നാൽ ഈ കുത്തിവയ്പ്പുകൾക്ക് ശേഷമാണ് നായയുടെ ശരീരം പൂർണ്ണമായി തളർന്നതെന്നാണ് ഉടമയുടെ ആരോപണം. തുടർന്ന് പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും രോഗം കണ്ടെത്താനായില്ല. ഒടുവിൽ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് നടത്തിയ രക്തപരിശോധനയിലാണ് നായയുടെ ശരീരത്തിൽ ട്യൂമർ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടക്കത്തിൽത്തന്നെ കൃത്യമായ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ അകിരയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഉടമ വിഷ്ണുപ്രസാദ് പറയുന്നു.
രോഗം തിരിച്ചറിയാൻ വൈകിയതോടെ നായയുടെ നില അതീവ ഗുരുതരമായി മാറി. ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത, ജീവച്ഛവം പോലെയുള്ള അവസ്ഥയിലായിരുന്നു അവസാന ദിവസങ്ങളിൽ അകിര. അകിരയുടെ യാതനകൾ കണ്ട് ഒടുവിൽ ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുപ്രസാദ് രംഗത്തുവന്നിരുന്നു. അപ്പോളും സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയ അകിരയെ എങ്ങനെ ദയാവധത്തിന് ഇരയാക്കുമെന്ന മാനസിക സംഘർഷത്തിലായിരുന്നു വിഷ്ണുപ്രസാദും കുടുംബവും. ഇതിനിടയിലാണ് അകിരയുടെ വേർപാട്.