• വിചാരണയ്ക്കായി എത്തിയ 16 പ്രതികളും ഒരേപോലെ വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച്, മുടി പോലും ഒരേ പോലെ വെട്ടിയാണ് കോടതിയിൽ ഹാജരായത്.

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണയ്ക്ക് പ്രതികളെത്തിയത് ഒരുപോലെ വസ്ത്രം ധരിച്ച്. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് 16 പ്രതികളുമെത്തിയത്. മുടി വെട്ടിയത് പോലും ഒരു പോലെയായിരുന്നു. സമാനരീതിയില്‍ വസ്ത്രം ധരിച്ചതിനൊപ്പം മാസ്ക് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എന്നാല്‍ മാസ്ക് ധരിച്ച് കോടതിയില്‍ നില്‍കാന്‍ പാടില്ലെന്ന് പറഞ്ഞ് കോടതി മാസ്ക് അഴിപ്പിക്കുകയായിരുന്നു. 

കൊലപാതകം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. ഇന്ന് കേസിലെ ഒന്നും രണ്ടും സാക്ഷികളുടെ വിസ്താരമാണ് നടന്നത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ് ഒന്നും രണ്ടും സാക്ഷികള്‍. നാലു മാസത്തിനകം നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടത്. അതിനാല്‍ നവംബര്‍ 12 ഓടെ സാക്ഷി വിസ്താരം പൂര്‍ത്തിയാകും. കേസില്‍ 186 സാക്ഷികളാണുള്ളത്. 

2018 ജൂലൈ 2-ന് അർധരാത്രിയിലാണ് അഭിമന്യു കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 26 പ്രതികളാണ് കേസിലുള്ളത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള 16 പേരാണ് ആദ്യഘട്ടത്തിൽ വിചാരണ നേരിടുന്നത്. കേസിൽ രഹസ്യവിചാരണ വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടുവെങ്കിലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു. 

ENGLISH SUMMARY:

The trial in the sensational murder of SFI leader and Maharaja's College student Abhimanyu has finally commenced eight years after the incident. All 16 accused appeared before the court wearing identical white shirts and dhotis with matching haircuts to conceal their identities. The court intervened and ordered them to remove their face masks after they attempted to cover their faces. With 186 witnesses listed, the trial proceedings are expected to be completed by November 12 pursuant to a High Court directive.