എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച സുഹൈൽ സജീവ് ഇന്നലെ വൈകുന്നേരം മുതൽ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യപിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്നു സുഹൈൽ. മദ്യലഹരിയിൽ അമിത വേഗതയിൽ പറത്തിയ സുഹൈലിന്റെ ഓടിച്ച ആഡംബരകാറിടിച്ച് മരിച്ചത് മൂന്നു പേരാണ്.
അമിതവേഗതയിൽ വന്ന സുഹൈലിന്റെ കാർ റോഡരികിലൂടെ പോവുകയായിരുന്നു സ്കൂട്ടറിലിടിക്കുകയായിരുന്നു. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആഡംബര കാറും തകർന്നു. തലയ്ക്കടക്കം ഗുരുതര പരുക്കേറ്റാണ് മൂന്നു പേരും മരിച്ചത്. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രി വിമാനത്താവളത്തിനടുത്ത് ചായ കുടിച്ച് സ്കൂട്ടറിൽ മടങ്ങവേയായിരുന്നു അപകടം.
Also Read: "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും"
അമിത വേഗത ഹരമാക്കിയ സുഹൈൽ നേരത്തെ 218 കിലോമീറ്റർ വേഗതയിൽ ഇതേ കാറോടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ സുഹൈലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വസ്ത്ര വ്യാപര സ്ഥാപന ഉടമകളാണ് സുഹൈലിൻറെ മാതാപിതാക്കൾ. സുഹൈലിന് ഡ്രൈവിങ് ലൈസൻസുണ്ടെങ്കിലും വാഹനം പിതാവിന്‍റെ ഉടമസ്ഥതയിലാണ്.