സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ചൈതന്യാനന്ദയുടെ വനിതാ കൂട്ടുപ്രതികൾ ഇരകളെ എങ്ങനെയാണ് മുറിയിലേക്ക് വിളിച്ചുവരുത്തുന്നതെന്ന് വ്യക്തമാകുന്ന സംഭാഷണങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളിലെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ആര്‍ത്തവമാണെന്നും ഇന്ന് ബാബയെ കാണാനാവില്ലെന്നും പറയുന്ന പെണ്‍കുട്ടികളോട് അതൊന്നും കുഴപ്പമില്ലെന്നും ഒഴിവുകഴിവുകള്‍ പറയാതെ മുറിയിലേക്ക് എത്താനുമാണ് ബാബയുടെ വനിതാ കൂട്ടുപ്രതികള്‍ പറയുന്നത്. ചൈതന്യാനന്ദയെ കഴിഞ്ഞ മാസമാണ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ അസോസിയേറ്റ് ഡീൻ ശ്വേത ശർമ്മ ഉൾപ്പെടെ മൂന്ന് വനിതാ സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോട്ടൽ മുറികളിൽ ചൈതന്യാനന്ദയെ സന്ദർശിക്കാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ബാബയുടെ ലൈംഗിക ആവശ്യങ്ങളോട് സഹകരിച്ചില്ലെങ്കില്‍ പഠനരേഖകളും ബിരുദങ്ങളും തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.
ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ്-റിസർച്ചിന്റെ തലവനായിരുന്നു 62കാരനായ ചൈതന്യാനന്ദ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് സഹായികളെ ഉപയോഗിച്ച് ഇരകളെ വരുതിയിലാക്കുകയായിരുന്നു ഇയാളുടെ പ്രധാന തന്ത്രം. സഹകരിച്ചാല്‍ വിദേശയാത്രയൊരുക്കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും സഹായികള്‍ ഇരകള്‍ക്കു മുന്‍പില്‍ വയ്ക്കും. ബാബയുടെ ഇരകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.
താന്‍ ഹോട്ടലിന്റെ പേര് അയച്ചുതരാമെന്നും അവിടെ പോകണമെന്നും സ്വാമിജി എത്തിയിട്ടുണ്ടെന്നും ശ്വേത പെണ്‍കുട്ടികളോട് പറയുന്നതും, ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്, നിങ്ങൾ അവിടെ താമസിച്ച് രാവിലെ ഓഫീസിലേക്ക് പോയാല്‍ മതിയെന്ന് പറയുന്നതും സംഭാഷണത്തിലുണ്ട്. ഈ പെണ്‍കുട്ടി കാര്യം സമ്മതിക്കുന്നതും കേള്‍ക്കാം. അതേസമയം മറ്റൊരു പെണ്‍കുട്ടിയോട് ഇതേ ആവശ്യം പറയുമ്പോള്‍ പറ്റില്ലെന്നും ആര്‍ത്തവമാണെന്നും തെളിവിനായി പാഡ് അയച്ചുതരാമെന്നു പറയുന്നതും കേള്‍ക്കാം.
പെണ്‍കുട്ടി: ഇത് ഒഴിവുകഴിവല്ല. ഞാൻ ശരിക്കും ആർത്തവത്തിലാണ്.
ശ്വേത: ഇതൊരു ഒഴിവുകഴിവാണ്. സ്വാമിജി നിങ്ങളെ വഴക്ക് പറയുമെന്ന് പേടിച്ച് പറയുന്നതാണ്, നിങ്ങൾക്ക് സ്വന്തമായി താമസസൗകര്യം ഒരുക്കാം
പെണ്‍കുട്ടി: മാഡം, ഞാൻ ശരിക്കും ആർത്തവത്തിലാണ്. എന്തിനാണ് ഞാന്‍ കള്ളം പറയുന്നത്? എനിക്ക് എന്തുചെയ്യാൻ സാധിക്കും? എന്റെ പാഡിന്റെ ഒരു ചിത്രം ഞാൻ അയച്ചുതരാമെന്നും പെണ്‍കുട്ടി പറയുന്നു.