Image: Cockroach Janta Party, Instagram
കോക്രോച്ച് ജനതാ പാർട്ടിയെന്ന യുവജന കൂട്ടായ്മയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണോ എന്ന ചോദ്യമാണ് ഉപയോക്താക്കള്‍ ഉയര്‍ത്തുന്നത്. @CJP_2029 എന്ന ഹാൻഡിലിലാണ് പ്രധാന അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്, എന്നാലിപ്പോള്‍ അക്കൗണ്ട് തിരയുമ്പോള്‍ ‘Account Withheld’എന്ന മറുപടിയാണ് ലഭിക്കുന്നത്.
‘തൊഴിലില്ലാത്തവരും അലസരുമായ യുവാക്കളുടെ ശബ്ദം’ എന്ന പേരില്‍ ആരംഭിച്ച ഒരു പാരഡി അക്കൗണ്ടാണിത്. എക്സില്‍ മൂന്നര ലക്ഷത്തിലേറെയും ഇന്‍സ്റ്റഗ്രാമില്‍ 72 മണിക്കൂറിനിടെ ഒരു കോടിയലധികവും ഫോളോവേഴ്സുണ്ടെന്ന് വാദമുയര്‍ത്തിയ പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജീത് ദീപ്കെ എന്ന ഡിജിറ്റല്‍ കമന്റേറ്ററായിരുന്നു. ഇന്റര്‍നെറ്റില്‍ വലിയൊരു കൊടുങ്കാറ്റായി മാറുന്നതിനിടെയാണ് എക്സ് അക്കൗണ്ട് അപ്രത്യക്ഷമാകുന്നത്.
തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും ഇന്ത്യന്‍ സര്‍ക്കാറിന് തങ്ങളെ പേടിയാണോയെന്നും ചോദിക്കുന്നു കോക്രോച്ച് ജനതാ പാർട്ടി പ്രവര്‍ത്തകര്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് രണ്ടു തവണ സസ്പെന്‍ഡ് ചെയ്തതായും ഇവര്‍ പറയുന്നു. തങ്ങളെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയിലെ യുവാക്കള്‍ ആരോപിക്കുന്നത്.
സുപ്രീംകോടതിയിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ചാണ് ഈ ആക്ഷേപഹാസ്യ രാഷ്ട്രീയക്കൂട്ടം ഉയര്‍ന്നുവന്നത്. ‘ഒരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമാണെന്നും സമൂഹത്തെ ആക്രമിക്കുന്നവരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇവർ പാറ്റകളും പരാന്നഭോജികളുമാണെന്നായിരുന്നു പരാമര്‍ശം. സൈബറിടത്തും വന്‍ സ്വീകാര്യത ലഭിച്ച പാര്‍ട്ടിയില്‍ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്‌ത്രയും കീർത്തി ആസാദും ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.