സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരേ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരെ നടപടി. അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. സനാതന ധര്‍മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു അഭിഭാഷകന്‍റെ അതിക്രമ നീക്കം. അതേസമയം, തന്നെ ഇതൊന്നും ബാധിക്കില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് കോടതി നടപടികള്‍ തുടങ്ങി അല്‍പസമയത്തികമാണ് സുപ്രീം കോടതിയില്‍ അസാധാരണമായ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഡയസിനുസമീപത്തെത്തിയ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ അഴിച്ച് ചീഫ് ജസ്റ്റിസിനുനേരെ എറിയാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തക്കസമയത്ത് തടയുകയായിരുന്നു. 'സനാതന ധര്‍മത്തെ അപമാനിക്കുന്നത് രാജ്യം സഹിക്കില്ലെന്ന്' പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയള്‍ ആക്രോശിച്ചു.
മധ്യപ്രദേശ് ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളവേ 'ദൈവത്തോട് പോയി പറയു' എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിലെ പ്രതിഷേധമാണ് അതിക്രമ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. താന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു. അതിക്രമ ശ്രമത്തെ അഭിഭാഷക സംഘടനകള്‍ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാവുന്ന പ്രവര്‍ത്തിയാണെങ്കിലും നടപടിയെടുക്കാതെ അവഗണിക്കാനാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം.