AI Generated Image
ബെംഗളൂരുവില്‍ താമസിക്കുന്ന യുവാവ് പങ്കുവെച്ച വിഡിയോ സോഷ്യലിടത്ത് വൈറലാവുന്നു. എഞ്ചിനീയർ ആകാശ് ആനന്ദാനിയാണ് താന്‍ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവര്‍ പങ്കുവച്ച ഞെട്ടിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ഓട്ടോ ഓടിക്കുന്ന ഡ്രൈവറുടെ കൈയ്യിലെ ആപ്പിള്‍ വാച്ചും എയര്‍ പോഡും ശ്രദ്ധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആകാശ് ചോദിച്ചു മനസിലാക്കിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 4-5 കോടി വിലമതിക്കുന്ന രണ്ട് വീടുകള്‍ സ്വന്തമായുണ്ടെന്നും പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആകാശ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഇതൊന്നും കൂടാതെ, ഒരു എഐ സ്റ്റാർട്ടപ്പില്‍ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആകാശ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ ആദ്യ ജോലി ഓട്ടോ ഓടിക്കുകയായിരുന്നു. അത് അദ്ദേഹം നിര്‍ത്താന്‍ തയാറല്ലെന്നും ആകാശ് പറയുന്നുണ്ട്.
ആനന്ദിന്‍റെ കുറിപ്പിങ്ങനെ, 'ബെംഗളൂരു വളരെ വിചിത്രമായ നഗരമാണ്. ഓട്ടോക്കാരനായ ഭയ്യക്ക് രണ്ട് വീടുകളുണ്ട്. 4 -5 കോടി വിലമതിക്കുന്നതാണ്. രണ്ട് വീടുകളും വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാല്‍ മാസം രണ്ട്- മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൂടാതെ, ഒരു എഐ സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനും ഇൻവെസ്റ്ററുമാണ്'. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുമായി രംഗത്തെത്തിയത്. നിരവധിയാളുകള്‍ അദ്ദേഹത്തിന്‍റെ അധ്വാനത്തെ പ്രശംസിക്കുമ്പോള്‍ ഇതെല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് മറ്റ് ചിലരുടെ അഭിപ്രായം. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി.