മഴക്കെടുതിയില്‍ വലഞ്ഞ് ബംഗാള്‍. ഡാർജിലിങിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 28 ആയി. കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്ത ഡാർജിലിങ്ങിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജി ഉടനെത്തും. ഇതിനിടെ രാഷ്ട്രീയ വാഗ്വാദവും ശക്തമായിരിക്കുകയാണ്.
ഡാർജിലിംഗ്, കലിംപോംഗ്, കുർസിയോംഗ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലും മഴയും തുടരുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടു. മൂന്നിടങ്ങളിലും റെഡ് അലേര്‍ട്ട് തുടരുകയാണ്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭൂട്ടാന്റെ താല അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ മിന്നല്‍ പ്രളയ സാധ്യതയുമുണ്ട്.
ദുധിയ ഇരുമ്പ് പാലത്തിന് പകരം താൽക്കാലിക പാലം ഉടന്‍ നിർമ്മിക്കും. റോഡുകള്‍ തകര്‍ന്നതോടെ കുടുങ്ങിയ 1000 വിനോദസഞ്ചാരികളെ തിരിച്ചയക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസിയായ ദാമോദർ വാലി കോർപ്പറേഷൻ കൃത്യമായി പ്രവർത്തിക്കാതെ ഉണ്ടാക്കിയ പ്രളയമാണിതെന്നാണ് മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നത്. പരാജയം മറച്ച് വക്കാന്‍ മമത കേന്ദ്രത്തെ പഴിക്കുകയാണെന്നും രാഷ്ട്രീയം കളിക്കാതെ ജനങ്ങളെ സഹായിക്കണമെന്നും ബിജെപി മറുപടി നല്‍കി. ഹരിയാന, പഞ്ചാബ് ഹിമാചൽ ജമ്മുകശ്മീർ രാജസ്ഥാൻ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഓറഞ്ച് അലേർട്ട് തുടരുകയാണ്. പ്രളയക്കെടുതി തുടരുന്ന നേപ്പാളിൽ 52 മരണം ആയി.