ബംഗാളില്‍ ഇ.ഡിയുമായി പരസ്യമായി കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍സിയായ ഐ പാക്കില്‍ ഇ.ഡി. നടത്തിയ റെയ്ഡ് തടയാന്‍ മമത നേരിട്ടെത്തിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. രേഖകള്‍ തട്ടിയെടുത്തെന്നാരോപിച്ച് ഇ.ഡി. കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന വ്യാപകമായി ടി.എം.സി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

രാവിലെ ആറുമണിയോടെയാണ് ഐ– പാക്കിന്‍റെ ഓഫിസിലും മേധാവി പ്രതീക് ജെയിനിന്‍റെ വസതിയിലും ഇ.ഡി. റെയ്ഡ് ആരംഭിച്ചത്. വിവരമറിഞ്ഞ് മമത ബാനര്‍ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതീക് ജെയിനിന്‍റെ വസതിയിലേക്ക് കുതിച്ചെത്തി. അല്‍പസമയത്തിനു ശേഷം ഏതാനും ഫയലുകളുമായി മടങ്ങി. തുടര്‍ന്ന് ഐ പാക്കിന്‍റെ ഓഫിസിലും എത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഡേറ്റ കൊള്ളയടിക്കാന്‍ അമിത് ഷായാണ് ഇ.ഡിയെ ചുമതലപ്പെടുത്തിയതെന്നും ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്നും മമത ആരോപിച്ചു

പിന്നാലെ കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് റെയ്ഡ് എന്ന് ഇ.ഡി.വിശദീകരിച്ചു. ബംഗാളില്‍ ആറിടത്തും ഡല്‍ഹിയില്‍ നാലിടത്തും റെയ്ഡ് നടക്കുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ഉന്നമിട്ടല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. അധികാര ദുര്‍വിനിയോഗം നടത്തി ചിലര്‍ രേഖകള്‍ തട്ടിയെടുത്തെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി. നല്‍കിയ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി നാളെ പരിഗണിക്കും. ഭരണഘടനാ ലംഘനമാണ് മമത ബാനര്‍ജി നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.

ENGLISH SUMMARY:

I-PAC ED Raid sparks controversy as Enforcement Directorate investigates money laundering case. The raid on I-PAC's office, linked to a coal scam, has drawn protests from TMC workers.