cough-syrup-doctor-arrest-2

ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചകേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ സാന്നിധ്യമുള്ള  കോൾഡ്രിഫ് ചുമ മരുന്ന് നിർദേശിച്ച ഡോ.പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്.  മരുന്ന് കഴിച്ച മൂന്ന് കുട്ടികള്‍ക്കുകൂടി  മധ്യപ്രദേശില്‍ ദാരുണാന്ത്യം. രാജസ്ഥാനില്‍ ഒരു കുട്ടിക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. ഇതില്‍ 14പേരും മരിച്ചത് മധ്യപ്രദേശിലാണ്. Also Read: കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണോ?

കോൾഡ്രിഫ് നിർമ്മാതാക്കളായ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദേശം നൽകി. തമിഴ്‌നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നിർദേശം നൽകിയത്. കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്. കേരളമടക്കം 5 സംസ്ഥാനങ്ങൾ കോൾ ഡ്രിഫ് നിരോധിച്ചു. രാജ്യത്തെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്നു കഴിച്ച കുട്ടികൾ മരിച്ച സാഹചര്യത്തിൽ രാജ്യവ്യാപക പരിശോധന ആരംഭിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻഐവി, ഐസിഎംആർ ,  സിഡിഎസ്‌സിഒ, നാഗ്പൂർ എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയ സംഘമാണ് വിഷയം പരിശോധിക്കുന്നത്. ഓരോ സാമ്പിളുകളിലും ഡൈഎത്തിലീൻ ​ഗ്ലൈക്കോളിന്റെ സാന്നിധ്യം ഉണ്ടോയെന്നും ഏത് അളവിലാണെന്നുമാണ് നിലവിൽ പരിശോധിക്കുന്നത്. 

തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച ചുമ മരുന്നിൽ അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ  കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്. കേരളത്തിന് പിന്നാലെ മധ്യപ്രദേശ് സർക്കാരും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് നാലുലക്ഷം വീതം മധ്യപ്രദേശ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച തുക ചെറുതാണെന്നും 50 ലക്ഷം സഹായ ധനമായി നൽകണമെന്നും കോൺഗ്രസ് നേതാവ് കമൽനാഥ് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A doctor has been arrested in connection with the deaths of children who consumed contaminated cough syrup. Dr. Praveen Soni, who treated most of the children who died in Madhya Pradesh, has been taken into custody. Three more children have died in Madhya Pradesh, and one more in Rajasthan, raising the total number of deaths linked to the cough syrup to 17 — 14 of them from Madhya Pradesh.