ഒറ്റ ദിവസം കൊണ്ട് നാലാം തവണയും മാറിമറിഞ്ഞ് സംസ്ഥാനത്ത് സ്വര്‍ണവില. രാവിലെ രണ്ട് തവണ കുത്തനെ ഇടിയുകയും പിന്നാലെ വൈകീട്ട് തിരിച്ചുകയറുകയും ചെയ്ത വിലയാണ് ഒരിക്കല്‍ കൂടി വര്‍ധിച്ചത്. ഗ്രാമിന് 400 രൂപയും പവന് 2,400 രൂപയുമാണ് ഏറ്റവും ഒടുവില്‍ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 14,040 രൂപയിലാണ് വ്യാപാരം, പവന് 1,12,320 രൂപയിലുമാണ് വ്യാപാരം. ഇതോടെ വീണ്ടും സ്വര്‍ണവില പവന് 1.10 ലക്ഷം കടന്നിരിക്കുകയാണ്.
ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവാണ് ഇന്ന് ഉച്ചവരെ തുടര്‍ന്നത്. ഇന്നലെ രാവിലെയും വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെയും ഉച്ചയുമായി വില വീണ്ടും കുറഞ്ഞു. ഇന്ന് (തിങ്കളാഴ്ച) രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞു. പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നുമാത്രം ആകെ 9,840 രൂപ കുറഞ്ഞു. പവന് 1,07,920 രൂപയിലായിരുന്നു ഉച്ചയ്ക്ക് വ്യാപാരം. 400 രൂപ കുറഞ്ഞ് 13490 രൂപയായിരുന്നു ഉച്ചയ്ക്ക് ഒരുഗ്രാം സ്വര്‍ണത്തിന്‍റെ വില.
എന്നാല്‍ വൈകീട്ടായതോടെ കഥമാറി. വൈകീട്ട് കുറഞ്ഞ വില തിരിച്ച് കയറാന്‍ ആരംഭിച്ചു. പവന് 2000 രൂപയുടെ വര്‍ധനവാണ് ഇന്ന് വൈകീട്ട് ആദ്യം ഉണ്ടായത്. ഇതോടെ പവന് 1,09,920 രൂപയായി വില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. എന്നാല്‍ തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കകം വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 400 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,320 രൂപയായി. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 14,040 രൂപയുമായി.
നിലവിലെ ഇടിവ് തുടര്‍ന്നാല്‍ ചിലപ്പോള്‍ ഇന്നോ നാളെയോ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്നായിരുന്നു ഉപയോക്താക്കളുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് രണ്ടു തവണയായി വില കൂടിയത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഇന്ന് ഔൺസിന് 4,413 ഡോളർ വരെ വില താഴ്ന്നതോടെയാണ് കേരളത്തിലും വിലയിടിഞ്ഞത്. എന്നാല്‍ രാജ്യാന്തരവില പിന്നീട് 4,700ന് മുകളിലേക്ക് തിരിച്ചുകയറി. അതോടെ കേരളത്തിലും വില കൂടി. നിലവിൽ 187 ഡോളർ താഴ്ന്ന് 4,705 ഡോളർ എന്ന നിലയിലാണ് രാജ്യാന്തര വില. വില കുത്തനെ കുറഞ്ഞ അവസരം മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതും തിരിച്ചടിയായിട്ടുണ്ട്.
ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. പിറ്റേ ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് രണ്ട് തവണയായി 9,840 രൂപ കുറഞ്ഞതോടെ ഉച്ചവരെ നാലു ദിവസം കൊണ്ട് 23,240 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. എന്നാല്‍ വൈകീട്ടോടെ രണ്ടു തവണയായി 4,400 രൂപ കൂടുകയും ചെയ്തു.