kfc

(Photo: X/@karnatakaportf)

TOPICS COVERED

ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ ബര്‍ഗറില്‍ നിന്ന് അഴുകിയ മാംസം കിട്ടിയതായി പരാതി. കർണാടക പോർട്ട്‌ഫോളിയോ എന്ന എക്‌സ് ഹാൻഡിലിലാണ് പരാതി പങ്കുവെച്ചത്.

ബംഗ്ലൂര്‍ സ്വദേശിനിയായ  യുവതി കെഎഫ്‌സിയുടെ കോറമംഗല ഔട്ട്‌ലെറ്റിൽ  ഓർഡർ ചെയ്ത ഹോട്ട് & സ്‌പൈസി ചിക്കൻ സിങ്ഗർ ബർഗർ തുറന്നപ്പോഴാണ് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടത്. ഭക്ഷ്യയോഗ്യമല്ലാത്ത അഴുകിയ മാംസമായിരുന്നു ബര്‍ഗറിനുള്ളിലുണ്ടായിരുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. ജീവനക്കാര്‍ക്ക് അബദ്ധം സംഭവിച്ചതായിരിക്കാമെന്നും  ഒറ്റപ്പെട്ട സംഭവമാണെന്നും കരുതി പകരം മറ്റൊരു ബര്‍ഗര്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടാമത്തേതും ദുർഗന്ധം വമിക്കുന്ന കേടായ അവസ്ഥയിലായിരുന്നു.

ജീവനക്കാരോട് വീണ്ടും പ്രശ്നം ഉന്നയിച്ചപ്പോള്‍ അത് സോസിന്‍റെ മണം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നവെന്നും പോസ്റ്റില്‍ പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിനുപകരം, ഔട്ട്‌ലെറ്റ് ജീവനക്കാർ ചിക്കൻ ബർഗറിന് പകരമായി പിന്നീട് വെജിറ്റേറിയൻ ബര്‍ഗര്‍ നൽകാനാണ് ശ്രമിച്ചതെന്നും പരാതിയുണ്ട്. 

കുട്ടികൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബങ്ങൾക്കും വീണ്ടും സമാനമായ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. മറ്റൊരാള്‍ക്കും മോശം ഇറച്ചി ലഭിച്ചപ്പോള്‍ ഉപഭോക്താക്കള്‍ അടുക്കള കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാത്രി 10 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ ഒഴുവുകഴിവുകള്‍ പറഞ്ഞു. ഒടുവില്‍ അടുക്കള യിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് വന്നതിന് ശേഷം അരമണിക്കൂറോളം ജീവനക്കാർ ഔട്ട്ലെറ്റിന്‍റെ അടുക്കള പൂട്ടിയിട്ടെങ്കിലും  സ്വിഗ്ഗി, സൊമാറ്റോ ഓർഡറുകൾ അതേ പഴകിയ ഇറച്ചി ഉപയോഗിച്ച് തുടര്‍ന്നതായും ആരോപണമുണ്ട്.

അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണം വിളമ്പിയതെന്നാണ് കെഎഫ്സി ഔട്ട്ലെറ്റ് മാനേജറുടെ വാദം. എന്നാല്‍ ഈ ഔട്ട്ലെറ്റില്‍‌ ഇത് ആദ്യമായിട്ടല്ലെന്നും ഒന്നിലധികം തവണ ഇതേ കാര്യം അനുഭവിച്ചിട്ടുണ്ടെന്നും പിന്നീട് അവിടെ പോകുന്നത് നിര്‍ത്തുകയായിരുന്നുവെന്നും ഒരു ഉപഭോക്താവ് പ്രതികരിച്ചു. ഓരോ റെസ്റ്ററന്റും ഉപഭോക്താക്കളെ ഏത് സമയത്തും അടുക്കള സന്ദർശിക്കാൻ അനുവദിക്കണമെന്നും ശരിയായ ശുചിത്വം പാലിക്കാത്ത റെസ്റ്റന്‍റുകളുടെ ഭക്ഷണ ലൈസൻസ് റദ്ദാക്കി ഉടൻ അടച്ചുപൂട്ടണമെന്നുമായിരുന്നു പോസ്റ്റിനോടുള്ള പലരുടെയും പ്രതികരണം.

ENGLISH SUMMARY:

KFC burger complaint involves a customer finding rotten meat in their burger. This incident raises serious questions about food safety and hygiene standards at the Koramangala outlet