കേരള സര്‍വകലാശാല ഡീനില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി പൊലീസിനെ സമീപിച്ചു. കേരള സർവകലാശാല ഓറിയൻറൽ സ്റ്റഡീസ് വിഭാഗം ഡീൻ ഡോ. സി.എൻ.വിജയകുമാരിക്കെതിരെയാണ് സംസ്കൃതം ഗവേഷണ വിദ്യാര്‍ഥി പരാതി നല്‍കിയത്. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.
സംസ്കൃതം ഗവേഷണ വിദ്യാര്‍ഥി വിപിൻ വിജയന്‍റെ പി.എച്ച.ഡി ഓപ്പൺ ഡിഫൻസിൽ വച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്‍റെ പി.എച്ച.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ. സി.എൻ.വിജയകുമാരി വൈസ് ചാൻസിലര്‍ക്ക് കത്തു നല്‍കി. ഇതിന് പിന്നാലെ അധ്യാപികക്കെതിരെ ഗുരുതര പരാതിയുമായി പൊലീസിനെയും സര്‍വകലാശാലയെയും സമീപിച്ചിരിക്കുകയാണ് വിപിൻ.
പുലയര്‍ സംസസ്കൃതം പഠിക്കേണ്ട എന്ന് അധ്യാപിക അധിക്ഷേപിച്ചു എന്ന് പൊലീസിന് നല്‍കിയ പാരാതിയില്‍ പറയുന്നു. പുലയ–പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ പഠിക്കാന്‍ വന്നതോടെ സംസ്കൃത പഠനത്തിന്‍റെ മഹിമപോയി എന്ന് അധ്യാപിക പറഞ്ഞതായും പരാതിയിലുണ്ട്. ഗവേഷണ പ്രബന്ധത്തിന് പിഎച്ചഡി നല്‍കരുതെന്ന് ഡീന്‍ വിസിക്ക് കത്തു നല്‍കിയത് ജാതി അധിക്ഷേപത്തിന്‍റെ ഭാഗമായാണെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് പ്രതികരിക്കാമെന്ന് കേരള സര്‍വകലാശാല ഡീന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടി എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍. പട്ടികജാതി–പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി വേണമെന്നാണ് വിദ്യാര്‍ഥി ആവശ്യപ്പെട്ടിരിക്കുന്നത്. വിപിന്‍ വിജയന്‍ വിസിക്കും പരാതി നല്‍കിയിട്ടുണ്ട്.