കരൂർ ദുരന്തം അന്വേഷിക്കാൻ കോടതി നിയമിച്ച എസ്ഐടി സംഘം കരൂരിലെത്തി. അപകടമുണ്ടായ സ്ഥലത്ത് എത്തി പരിശോധന നടത്തി.അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ടിവികെ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു.
വടക്കൻ മേഖല ഐജി അശ്ര ഗാർഗിൻ്റെ നേതൃത്വത്തിലുള്ള SIT സംഘമാണ് കരൂരിൽ എത്തിയത്. ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്. അപകടം നടന്ന സ്ഥലം സംഘം സന്ദർശിച്ചു. മരണപ്പെട്ടവരുടെ വീടുകളിൽ ഉൾപ്പെടെ സന്ദർശിച്ച് വിവരങ്ങൾ ആരായും. വേണ്ടി വന്നാൽ ടിവികെ ഭാരവാഹികൾക്ക് സമൻസ് അയച്ച് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. എസ്.ഐടി സംഘത്തിൽ എട്ടുപേരെ കൂടി ചേർത്തു. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വിശദാംശങ്ങൾ പങ്കുവയ്ക്കാം എന്ന് SIT തലവൻ അശ്ര ഗാർഗ് പറഞ്ഞു
അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ടിവികെ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. പാർട്ടിയുടെ ജനറൽ സെക്രട്ടറി എൻ ആനന്ദും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിർമൽ കുമാറുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും ഒളിവിൽ തുടരുകയാണ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ആണ് നീക്കം. വിജയയുടെ പ്രചാരണവാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തു. ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയും നിർത്താതെ പോകുകയും ചെയ്തതിനെ തുടർന്നാണ് ഇത്.