കരൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി നടന്‍ അജിത് കുമാര്‍. വിജയ് മാത്രമല്ല സംഭവത്തിന് ഉത്തരവാദി എന്നും ജനകൂട്ടത്തെ ഉപയോഗിക്കുന്ന പ്രവണത മാറണമെന്നും അജിത് പറഞ്ഞു. വലിയ ജനക്കൂട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണമെന്നും ഇതൊന്നും ‍ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ലെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്​ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത്ത് പറഞ്ഞു. 

'ആരേയും താഴ്​ത്തിക്കെട്ടാനല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ കരൂര്‍ ദുരന്തത്തിന് പിന്നാലെ പലതും തമിഴ്​നാട്ടില്‍ നടക്കുന്നുണ്ട്. ആ വ്യക്തി(വിജയ്) മാത്രമല്ല ഇതിന്‍റെ ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും പങ്കുണ്ട്. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയില്‍ ഷൂട്ട് ചെയ്യുന്നതും കുടുംബത്തില്‍ നിന്നും വേര്‍പെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്നേഹത്തിനായാണ്. ജനകൂട്ടങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. 

സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. ക്രിക്കറ്റ് കാണാന്‍ പോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ. എന്തുകൊണ്ടാണ് തിയറ്ററുകളില്‍ മാത്രം ഇത് കാണുന്നത്. സെലിബ്രിറ്റികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സിനിമാ മേഖലയെ ആകെ മോശം നിലയിലാക്കി കാണിക്കുന്നു. ഇതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ല,' അജിത്ത് പറഞ്ഞു. 

ENGLISH SUMMARY:

Karur incident is the main topic. Actor Ajith Kumar's response to the Karur incident highlights the need for better crowd management and shared responsibility, urging media to discourage large gatherings and emphasizing that such incidents are not desired within the film industry.