കരൂരില്‍ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ ഉറ്റവരെ നഷ്ടമായ ഓരോ കുടുംബത്തിനും നടന്‍ വിജയ് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ഈ നഷ്ടപരിഹാരം വേണ്ടെന്നു വച്ച് രംഗത്തെത്തിയിരിക്കുകയാണ് ശങ്കവി പെരുമാൾ എന്ന യുവതി. ശങ്കവിയുടെ ഭര്‍ത്താവ് രമേശ് കരൂര്‍ ദുരന്തത്തിന്‍റെ ഇരകളില്‍ ഒരാളായിരുന്നു.
അനുശോചനം അറിയിക്കാൻ മരിച്ചവരുടെ ബന്ധുക്കളെ കരൂരിൽ നേരിട്ടെത്തി റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ശങ്കവി തുക തിരികെ നല്‍കിയത്. ഒക്ടോബർ 27ന് കരൂരില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽവെച്ചായിരുന്നു വിജയ് കരൂര്‍ ദുരന്തത്തിന്‍റെ ഇരകളുടെ കുടുംബങ്ങളെ കണ്ടത്. ‘വിജയ് കരൂരിലെത്തി എന്നെയും മറ്റ് കുടുംബങ്ങളെയും ആശ്വസിപ്പിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ ഞാനറിയാതെ ചില ടിവികെ അംഗങ്ങൾ എന്റെ ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ റിസോര്‍ട്ടിലേക്കെത്തിച്ചു. അദ്ദേഹം കരൂർ സന്ദർശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാൽ, ഞാൻ പണം തിരികെ നൽകുന്നു’ ശങ്കവി പറഞ്ഞു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ വിഡിയോ കോള്‍ വഴി വിജയ് ഇരകളുടെ കുടുംബത്തെ ബന്ധപ്പെടുകയും ഉടൻ തന്നെ അവരെ കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇരകളുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി കൈമാറുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് ശങ്കവിയുടെ അക്കൗണ്ടിൽ പണം ലഭിച്ചത്. എന്നാല്‍ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) വഴി ഈ തുക ലഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ ശങ്കവി തിരികെ നല്‍കുകയായിരുന്നു. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് സംസാരിക്കവേയാണ് ഇടപാട് നടന്നത്.