പ്രതീകാത്മക ചിത്രം
ഒരു വയസുകാരനെ കുത്തിക്കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബൈരിയ മേഖലയിൽപ്പെടുന്ന സുരേമാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വയസുമാത്രം പ്രായമുളള കിനുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ പിതാവ് രൂപേഷ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.
മദ്യപാനിയായ രൂപേഷ് സ്ഥിരം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയും തന്നെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നതായി ഭാര്യ റീന പൊലീസിന് മൊഴി നല്‍കി. രൂപേഷ് സ്വന്തം പിതാവായ കമ്ലേഷ് തിവാരിയെ സ്ഥിരം മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഭയന്ന് ഭര്‍തൃപിതാവിനെ പരിചയക്കാരിലൊരാളുടെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ പോയ റീന തിരികെ വരുമ്പോഴാണ് മകന്‍ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്.
റീന ഭര്‍തൃപിതാവുമായി പോയ സമയം വീട്ടില്‍ ഒരു വയസുകാരന്‍ കിനുവും മകള്‍ അനന്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ രൂപേഷ് തിവാരി കിനുവിനെ മാരകമായി കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റീനയുടെ പരാതിയില്‍ കേസെടത്ത പൊലീസ് കുഞ്ഞിന്‍റെ പിതാവായ രൂപേഷ് തിവാരി അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍ മുഹമ്മദ് ഫഹിം ഖുറേഷി വ്യക്തമാക്കി.