പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഗോപാല്‍പൂരിലാണ് സംഭവം. ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ട അധിക സ്ത്രീധനമായ 5 ലക്ഷം രൂപ യുവതിയുടെ കുടുംബം നല്‍കാനാകാത്തതിനെ തുടര്‍ന്നാണ് കൊലപാതകം. 21കാരിയായ രജ്നി കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവ് സച്ചിനും കുടുംബത്തിനുമായുളള അന്വേഷണം ഊര്‍ജിതമാക്കി.
വെളളിയാഴ്ച്ചയാണ് ദാരുണസംഭവം നടന്നത്. ഒരു ടെന്‍റ് ഹൗസ് നിര്‍മിക്കാന്‍ 5 ലക്ഷം രൂപ സ്ത്രീധന ഇനത്തില്‍ നല്‍കണം എന്നതായിരുന്നു സച്ചിന്‍റേയും കുടുംബത്തിന്‍റെയും ആവശ്യം. എന്നാല്‍ ഈ തുക നല്‍കാന്‍ രജ്നിയുടെ കുടുംബത്തിനായില്ല. ഈ ദേഷ്യം സച്ചിനും കുടുംബവും രജ്നിയുടെ ശരീരത്തില്‍ തീര്‍ക്കുകയായിരുന്നു. ഗര്‍ഭിണികൂടിയായ രജ്നിയെ ക്രൂരമായി തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തറിയാതിരിക്കാന്‍ സ്വന്തം കൃഷിയിടത്തില്‍ തന്നെ രജ്നിയുടെ മൃതദേഹം സംസ്കരിക്കാനും ശ്രമിച്ചു. രജ്നിയുടെ അമ്മയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് മെയിന്‍പുരി ജില്ലാ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സച്ചിന്‍റെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തി. സച്ചിനും സഹോദരന്മാരായ പ്രൻഷു, സഹ്‌ബാഗ്, ബന്ധുക്കളായ രാംനാഥ്, ദിവ്യ, ടീന എന്നിവര്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഇതുവരെയും കണ്ടെകത്തിയിട്ടില്ല. കഴിഞ്ഞ ഏപ്രിലിലായിരുന്നു സച്ചിന്‍റെയും രജിനിയുടേയും വിവാഹം.