modi-bihar

TOPICS COVERED

ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഉദ്ഘാടന മഹാമഹവുമായി പ്രധാനമന്ത്രി. ഇന്ന് യുവാക്കള്‍ക്കായി രാജ്യമാകെ 62,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിടും. ഇതില്‍ ഏറെയും ബിഹാറിനുള്ളതാണ്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ ഏറെയും വിദ്യാഭ്യാസ മേഖലയിലാണ്. രാജ്യത്താകെ 1000 സര്‍ക്കാര്‍ ഐ.ടി.ഐകളുടെ നവീകരണം ലക്ഷ്യമിടുന്ന പി.എം. സേതു പദ്ധതിയാണ് പ്രധാനം. പറ്റ്നയിലെയും ദര്‍ഭംഗയിലെയും ഐ.ടി.ഐകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കര്‍പ്പൂരി ഠാക്കൂര്‍ നൈപുണ്യ വികസന സര്‍വകലാശാല ഉദ്ഘാടനം, പറ്റ്ന സര്‍വകലാശാല, മധേപുരയിലെ ഭൂപേന്ദ്ര നാരായണ്‍ മണ്ഡല്‍ സര്‍വകലാശാല, ചപ്രയിലെ ജയപ്രകാശ് വിശ്വവിദ്യാലയം, നളന്ദ ഓപ്പണ്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ പുതിയ അക്കാദമിക്, ഗവേഷണ കേന്ദ്രങ്ങള്‍ക്കു തറക്കല്ലിടും. എന്‍.ഐ.ടി പറ്റ്നയിലെ ബിഹ്ത ക്യാംപസ് നാടിന് സമര്‍പ്പിക്കും. നവീകരിച്ച,,, മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജനയും മോദി ഉദ്ഘാടനം ചെയ്യും. ബിരുദധാരികളായ അഞ്ചുലക്ഷം യുവാക്കള്‍ക്ക് 1000 രൂപ പ്രതിമാസ അലവന്‍സും നൈപുണ്യ പരിശീലനവും നല്‍കുന്ന പദ്ധതിയാണിത്.  ബിഹാറില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിച്ച നാലായിരം പേര്‍ക്ക് നിയമന ഉത്തരവും കൈമാറും.

രാജ്യമാകെ 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും സ്ഥാപിച്ചിട്ടുള്ള 1200 വൊക്കേഷണല്‍ സ്കില്‍ ലാബുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചടങ്ങ്.

ENGLISH SUMMARY:

Bihar development projects focus on education and skill enhancement. The Prime Minister inaugurated projects worth 62,000 crore, primarily benefiting Bihar's education and skill sectors.