യുവതിയെ മര്‍ദിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ ഓടിച്ചിട്ട് മര്‍ദിച്ച ശേഷം ബന്ധുക്കള്‍ ബലമായി വിഷം കുടിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ സ്വദേശി സോനു ചികില്‍സയിലിരിക്കെ മരണമടഞ്ഞു. ഹൈവേയിലൂടെ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഹാപ്പൂരിൽ താമസിക്കുന്ന ദമ്പതികളായ സോനുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് യുവതി മാതാപിതാക്കളെ വിവരമറിയിക്കുകയും ബുലന്ദ്ഷഹറിൽ നിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. യുവതിയുടെ വീട്ടുകാരെത്തി യുവതിയെ ഉപദ്രവിച്ചതിനെക്കുറിച്ചു ചോദിച്ച് സോനുവിനെ മര്‍ദിച്ചു. ഇയാൾ രക്ഷപ്പെടാനായി ഹൈവേയിലൂടെ ഓടുന്നതും ബന്ധുക്കള്‍ പിന്തുടര്‍ന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സോനുവിനെ സഹായിക്കാനായി പലരും മുതിര്‍ന്നെങ്കിലും എല്ലാവരേയും ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സോനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം തന്‍റെ മകനെ മരുമകളുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചെന്നും സോനുവിന്റെ അമ്മ സുഖ്‌വിരി ആരോപിക്കുന്നു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ സോനുവിനെ ബന്ധുക്കള്‍ ഓടിക്കുന്നതും ഒരാള്‍ കയ്യില്‍ വടി പിടിച്ചിരിക്കുന്നതും കാണാം. സോനുവിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പ്രാഥമികാന്വേഷണത്തില്‍ സോനു വിഷം കഴിച്ചതായി വ്യക്തമാണെന്ന് പിൽഖുവ സ്റ്റേഷൻ ഹൗസ് ഓഫീസർ അനിത ചൗഹാൻ പറഞ്ഞു.