സര്‍ ക്രീക്ക് അതിര്‍ത്തിയിലെ സൈനിക വിന്യാസത്തില്‍ പാക്കിസ്ഥാന് താക്കീതുമായി കരസേന മേധാവിയും.  ഓപ്പറേഷൻ സിന്ദൂരില്‍ കാണിച്ച സംയമനം ഇനിയുണ്ടാവില്ലെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നല്‍കി.  ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന്‍റെ എഫ് 16 ഉള്‍പ്പെടെ പത്തില്‍പ്പരം യുദ്ധ വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി വെളിപ്പെടുത്തി.

പ്രതിരോധ മന്ത്രിക്കുപിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവിയും.  ഇനി സംയമനം ഉണ്ടാവില്ല, ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ ഭൂപടത്തില്‍ ഉണ്ടാവില്ലെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

ഗുജറാത്ത് അതിര്‍ത്തി മേഖലയായ സര്‍ ക്രീക്കില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പ്.  ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പാക്കിസ്ഥാന് താക്കീത് നല്‍കിയിരുന്നു.

 ഓപ്പറേഷന്‍ സിന്ദൂരിനിടെ യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങളും ചൈനീസ്  ജെഎഫ്-17 വിമാനങ്ങളും ഉൾപ്പെടെ  പാകിസ്ഥാന്‍റെ പത്തില്‍പ്പരം യുദ്ധവിമാനങ്ങൾ നശിപ്പിച്ചെന്ന് എയർ ചീഫ് മാർഷൽ എ.പി.സിങ് വ്യക്തമാക്കി. അഞ്ച് യുദ്ധവിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും ആകാശത്തുവച്ചാണ് തകര്‍ത്തത്. ഇന്ത്യൻ യുദ്ധ വിമാനങ്ങള്‍ നശിപ്പിച്ചുവെന്ന പാക് അവകാശവാദങ്ങളെ തള്ളിയ അദ്ദേഹം അവ പാക്കിസ്ഥാന്‍റെ കഥകളാണെന്ന് പരിഹസിച്ചു. ഇന്ത്യയില്‍ നാശമുണ്ടാക്കിയതിന്‍റെ  തെളിവോ ചിത്രങ്ങളോ അവർക്ക് ഇതുവരെ കാണിക്കാനായിട്ടില്ലെന്നും വ്യോമസേന മേധാവി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Sir Creek border tensions escalate as India warns Pakistan against military deployment. The Indian Army Chief sends a strong message following reports of increased Pakistani military activity near Sir Creek.