സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സി താരം തൃശൂർ സ്വദേശി റിജോൺ ജോസ് (24) വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. സഹതാരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗത്തിന് (26) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച രാത്രി 10:45-ഓടെ കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡിൽ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മത്സരങ്ങൾക്കായി രണ്ടുദിവസം മുൻപാണ് കളിക്കാർ കോഴിക്കോട്ട് എത്തിയത്. അപകടസമയത്ത് ചെറിയ തോതിൽ മഴയുണ്ടായിരുന്നത് നിയന്ത്രണം വിടാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഗനി അഹമ്മദ് നിഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.