സിര്‍ ക്രീക്കില്‍ പാക് സൈന്യം സൗകര്യം വര്‍ധിപ്പിക്കുകയാണെന്നും സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പാക്കിസ്ഥാന് പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ മുന്നറിയിപ്പ്. സ്വാതന്ത്ര്യത്തിന് 78 വര്‍ഷങ്ങള്‍ക്കിപ്പുറവും പാക്കിസ്ഥാന്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ്. ഉഭയകക്ഷി സംഭാഷണത്തിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ പലവട്ടം ശ്രമിച്ചിട്ടും പാക്കിസ്ഥാന്‍ വഴങ്ങിയില്ലെന്നും ഇപ്പോള്‍ പാക് സൈന്യം അവരുടെ സ്വാധീനം മേഖലയില്‍ വര്‍ധിപ്പിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. സിര്‍ ക്രീക്കില്‍ ഏതെങ്കിലും തലത്തിലുള്ള  സാഹസത്തിന് പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ പാക്കിസ്ഥാന്‍റെ ചരിത്രവും ഭൂപ്രകൃതിയും മാറ്റുന്ന തരത്തില്‍ മറുപടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. 

ലഹോറിലെത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ശേഷി 1965ലേ പാക്കിസ്ഥാന് ബോധ്യമായതാണെന്നും കറാച്ചിയിലേക്കുള്ള പാതകളിലൊന്ന് ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാന്‍ മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ കച്ചിനും പാക്കിസ്ഥാന്‍റെ സിന്ധ് പ്രവിശ്യയ്ക്കും ഇടയില്‍ 96 കിലോമീറ്ററിലായി വ്യാപിച്ച് കിടക്കുന്ന അഴിമുഖ പ്രദേശമാണ് സിര്‍ ക്രീക്ക്. ക്രീക്കിന്‍റെ മധ്യഭാഗത്തായാണ് അതിര്‍ത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമുഖത്തിന്‍റെ കിഴക്കേ തീരത്ത്, ഇന്ത്യയോട് ചേര്‍ന്നാണ് അതിര്‍ത്തിയെന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്. 

ENGLISH SUMMARY:

Sir Creek is the focus of escalating tensions between India and Pakistan. India warns Pakistan against any misadventures in the Sir Creek region, citing the potential for significant repercussions.