കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി.വി.കെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക്ശേഷം 2.15നാണ് ഹർജി പരിഗണിക്കുന്നത്. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് ടി.വി.കെയുടെ ആവശ്യം. ദുരന്തം സംബന്ധിച്ച പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടിയും കോടതി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ടി.വി.കെയുടെ റാലികൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരൂർ സ്വദേശി നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിച്ചേക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ടി.വി.കെ ഹർജി നൽകിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവും പുരോഗമിക്കുകയാണ്. വിജയ്ക്ക് എതിരെ കേസെടുക്കുമോ എന്നുള്ള കാര്യത്തിലും കോടതി പരാമർശങ്ങൾ നിർണായകമാണ്. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുക എന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിജയ്യുടെ വീടിനുമുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.