TOPICS COVERED

കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്  അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവ് പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്. 

വീടുനിര്‍മാണത്തിനു സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ച് ഫണ്ട് നല്‍കാന്‍ 2500രൂപ നല്‍കണമെന്നായിരുന്നു സൊനാക്ഷി ആദ്യം അപേക്ഷകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. കിട്ടുന്നതാവട്ടെ എന്നുപറഞ്ഞ ഉദ്യോഗസ്ഥ ബാക്കിപണം കൂടി നല്‍കിയാല്‍ മാത്രമേ ഫണ്ട് പൂര്‍ണമായും അംഗീകരിച്ചുതരികയുള്ളൂവെന്നും പറഞ്ഞു.

തുടര്‍ന്നാണ് പരാതിക്കാരന്‍ എസിബിയെ സമീപിച്ചത്. ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിഐജി അനില്‍ കയാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കന്‍ചന്‍ ഭാട്ടിയയാണ് ഉദ്യോഗസ്ഥയെ പിടികൂടിയത്. അഴിമതി നിരോധനനിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത സംഘം ഉദ്യോഗസ്ഥയെ ചോദ്യംചെയ്തു വരികയാണ്. 

അഴിമതിക്കെതിരായ നീക്കത്തിലൂടെ എസിബി അജ്മീര്‍ ടീം മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അഴിമതി നടത്തുന്നവരെ വെറുതേ വിടില്ലെന്നും പൗരന്‍മാര്‍ക്ക് നീതി ഉറപ്പാക്കുമെന്നും എസിബി പ്രതികരിച്ചു.  

ENGLISH SUMMARY:

Corruption arrest: A Village Development Officer was arrested by the Anti-Corruption Bureau while accepting a bribe. The officer demanded money for processing an application under the Prime Minister Awas Yojana scheme, leading to the arrest and investigation.