Image: ANI
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഡ്ജില്‍ നിന്ന് അറസ്റ്റിലായ അഷ്ഹർ ഡാനിഷ് പ്രവര്‍ത്തിച്ചിരുന്നത് ഐഎസ്ഐഎസിനായി. ഇസ്‌ലാംനഗറിലെ തബാരക് ലോഡ്ജില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ പിടികൂടുന്നത്. എസ്‌എസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് അറിയിച്ചാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. എതാനും മാസങ്ങളായി ഇയാള്‍ ഇവിടം കേന്ദ്രീകരിച്ച് ഐഎസ്ഐഎസിനു വേണ്ടി ബോംബുകള്‍ നിര്‍മിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയായ ഡാനിഷ്, ഗ്രൂപ്പിന്റെ നേതാവും ‘ഗസ്‌വ’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നയാളുമാണ്.
ഭീകരപ്രവര്‍ത്തനത്തിന് കഴിഞ്ഞ ആഴ്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അഫ്താബ് ഖുറേഷിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അഷ്ഹർ ഡാനിഷിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി പൊലീസും ജാർഖണ്ഡിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഡാനിഷിനെയും മറ്റ് ഭീകരരെയും അറസ്റ്റ് ചെയ്തത്. ഇയാളുടെ മുറിയിൽ നിന്ന് വെടിമരുന്ന്, ബോംബുകൾ, വലിയ അളവിൽ പൊട്ടാസ്യം നൈട്രേറ്റ്, നാടൻ ആയുധങ്ങൾ എന്നിവ കണ്ടെടുത്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുറിയിൽ സ്ഫോടകവസ്തുക്കൾ നിര്‍മ്മിക്കുകയും സുബർണരേഖ നദിയിലെ വെള്ളത്തിൽ സ്ഫോടനം നടത്തി പരീക്ഷിക്കുകയുമായിരുന്നു ചെയ്തിരുന്നത്. സാൾട്ട്പീറ്റർ എന്നറിയപ്പെടുന്ന പൊട്ടാസ്യം നൈട്രേറ്റ്, രാസവളങ്ങളിൽ ഉപയോഗിക്കുന്ന സംയുക്തമാണ്. വെടിമരുന്ന് ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. വെളുത്ത ക്രിസ്റ്റലിൻ പൊടിയായ ഇത് ശ്വസിക്കുകയോ വയറ്റിലെത്തുകയോ ചെയ്യുന്നതും ദോഷകരമാണ്. യുവാവിന്‍റെ മുറിയിൽ നിന്ന് വ്യത്യസ്ത വലിപ്പത്തിലും തീവ്രതയിലുമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോംബ് നിര്‍മാണം മാത്രമല്ല, ഭീകര പ്രവര്‍ത്തനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രം കൂടിയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷമാണ് അഷ്ഹർ ഡാനിഷ് ഇവിടേക്ക് താമസം മാറുന്നത്. സോഷ്യൽ മീഡിയ വഴി പ്രവർത്തിക്കുന്ന ഒരു പാക് ഭീകരനനാണ് ഇയാളെ റിക്രൂട്ട് ചെയ്യുന്നത്. അതിനുശേഷം അഷ്ഹർ ഡാനിഷും ആളുകളെ ചേര്‍ക്കാന്‍ തുടങ്ങി. സിഗ്നൽ മെസേജിങ് ആപ്പ് വഴിയാണ് ഈ റിക്രൂട്ട്മെന്റില്‍ ഭൂരിഭാഗവും നടന്നത്. ഇന്റേൺ ഇന്റർവ്യൂ', ബിസിനസ് ഐഡിയ എന്നിങ്ങനെയുള്ള പേരുകളിലുള്ള ഗ്രൂപ്പുകളിലൂടെയായിരുന്നു റിക്രൂട്ട്മെന്‍റ്. ബോംബ് നിർമ്മാണ സാമഗ്രികൾ വാങ്ങാൻ ഫണ്ട് സ്വരൂപിക്കുന്നതിനും ഈ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പലതും ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുകയുമായിരുന്നു.