dhal-makhani-jcb

Image Credit: instagram.com/mr_neeraj_8457_/

TOPICS COVERED

ഉത്തരേന്ത്യയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ദാല്‍ മഖാനി. വിവാഹ വേളയിലും മറ്റ് ആഘോഷങ്ങളിലും ഈ വിഭവം ഒഴിവാക്കാനാകില്ല. എന്നാല്‍ ഒരുവലിയ ജനക്കൂട്ടത്തിന് വിഭവം തയ്യാറാന്‍ കണ്ടുപിടിച്ച പുതിയ ‘വഴി’യാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആ വഴി വേറെയൊന്നുമായിരുന്നില്ല, അടുപ്പത്ത് തിളയ്ക്കുന്ന ദാല്‍ മഖാനി എളുപ്പത്തില്‍ ഇളക്കാന്‍ എത്തിച്ചത് ‘മണ്ണുമാന്തി’ യന്ത്രമാണ്. 

സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയില്‍ അടുപ്പത്ത് വച്ചിരിക്കുന്ന വിഭവം ഇളക്കാന്‍ ഒരു മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതായി കാണാം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ നീരജ് എന്നയാളാണ് വിഡിയോ പങ്കിട്ടത്. വിഡിയോയില്‍ ട്രക്കുകളില്‍ റൊട്ടി എത്തുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്. തൊട്ടടുത്ത് വലിയ പാത്രങ്ങളിലായി മറ്റ് വിഭവങ്ങള്‍ ഉള്ളതും കാണാം. കറി മറ്റൊരു ട്രക്കിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മാറ്റുന്നതും ആളുകള്‍ കഴിക്കുന്നതും കാണാം. എന്നാല്‍ ആളുകള്‍ കഴിക്കുന്നത് ഇതേ ഭക്ഷണമാണോ എന്നതില്‍ വ്യക്തതയില്ല. വി‍ഡിയോ എവിടെനിന്നുള്ളതാണ് എന്നതിലും വ്യക്തത വന്നിട്ടില്ല.

വിഡിയോ വൈറലായെങ്കിലും ഏറെ വെറുപ്പുളവാക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇത് കഴിക്കുന്നവരുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്കയാണ് പലരും പങ്കുവച്ചത്. സംഭവം എത്രത്തോളം വൃത്തിഹീനമാണെന്നും കഴിക്കുന്നവർക്ക് എന്തെല്ലാം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും കമന്‍റുകളില്‍ നിറഞ്ഞു. നിരവധിപേരാണ് ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യോട് സംഭവം അന്വേഷിക്കണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം കൊണ്ടാണ് കളിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

എങ്കിലും പതിവുപോലെ സംഭവത്തെ തമാശയാക്കിയും കമന്‍റുകള്‍ എത്തുന്നുണ്ട്. റോഡുകൾ, പാർക്കുകൾ, വീടുകള്‍ എന്നിവ നിർമ്മിക്കാൻ ജെസിബി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ഭക്ഷണം പാകം ചെയ്യാൻ ഇത് ഉപയോഗിക്കുന്നത് ഇതാദ്യമായാണ് എന്നാണ് ഒരാള്‍ കമന്‍റായി കുറിച്ചത്. അതേസമയം മണ്ണുമാന്തി യന്ത്രത്തെയും അത് പ്രവര്‍ത്തിപ്പിക്കുന്നയാളെയും മാസ്റ്റർ ഷെഫാക്കിയും ആളുകള്‍ കമന്‍റ് ചെയ്തു. ‘ഗ്രേവിക്കൊപ്പം ഗ്രീസ് സൗജന്യം’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ENGLISH SUMMARY:

A bizarre viral video from North India shows a massive pot of Dal Makhani being stirred using an excavator during a wedding feast. The clip, shared on Instagram by user Neeraj, also shows rotis being transported in trucks and food shifted using plastic sheets. While the video amused some viewers, many expressed disgust, raising serious concerns about hygiene and food safety. Social media users tagged the Food Safety & Standards Authority of India (FSSAI), urging an investigation. Criticism points to health risks, with people calling the act unsanitary and irresponsible. At the same time, some turned the incident into humor, joking about “JCB Masterchef” and “free grease with gravy.” The video has sparked a heated debate online, reflecting both outrage and amusement.