navjyoth-navnoor

TOPICS COVERED

ഡല്‍ഹി സ്വദേശിയായ നവ്‌നൂർ സിങിന് ഇന്ന് 22ാം ജന്മദിനമാണ്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ ദുഖകരമായ ദിവസവും. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച നവ്നൂറിന്‍റെ പിതാവിന്‍റെ സംസ്കാര ചടങ്ങുകളും ഇന്നാണ്. ഡൽഹി കന്റോൺമെ‌ന്‍റ് മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ ദിവസം നവ്‌നൂറിന്‍റെ പിതാവ് നവജ്യോത് സിങ് മരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അമ്മ സന്ദീപ് കൗർ ആശുപത്രിയിലും തുടരുകയാണ്. വേദനയുടെ ആഴങ്ങളിലാണ് ഇന്ന് ആ കുടുംബം. 

bmw-accident-delhi

മരിച്ച നവജ്യോതും ഭാര്യ സന്ദീപ് കൗറും

പ്രിയ്യപ്പെട്ടവര്‍ക്ക് ഇടക്കിടെ സര്‍പ്രൈസുകള്‍ നല്‍കാന്‍ മരണപ്പെട്ട നവജ്യോത് സിങിന് ഇഷ്ടമായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. അദ്ദേഹത്തിന്‍റെ അവസാന സർപ്രൈസാകട്ടെ തന്‍റെ മകനുവേണ്ടിയുമായിരുന്നു. താന്‍ ആ സമ്മാനത്തിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ സ്വപ്നത്തില്‍ പോലും അദ്ദേഹം കരുതിയിട്ടുണ്ടാകില്ല മരണം അപ്രതീക്ഷിത അതിഥിയായി തന്‍റെ ജീവിതത്തിലേക്കെത്തുമെന്ന്. അച്ഛന്‍റെ മരണ വാര്‍ത്തയില്‍ ഹൃദയം തകര്‍ന്നിരുന്ന മകനിലേക്കാണ് പിറന്നാള്‍ ദിനം രാവിലെ ആറുമണിയോടെ ഡോർബെൽ മുഴങ്ങിയത്. അച്ഛന്‍ മകനായി ഓര്‍ഡര്‍ ചെയ്ത പിറന്നാള്‍ സമ്മാനം. എയർ ഫ്രയറും ഒരു ഷര്‍ട്ടും. അച്ഛന്‍റെ സംസ്കാര ദിവസമാണ് മകന് അദ്ദേഹം ഒരുക്കിയ പിറന്നാള്‍ സമ്മാനം ലഭിക്കുന്നത്. പാചകത്തിൽ തനിക്ക് അടുത്തിടെ ഇഷ്ടം തോന്നിയിരുന്നെന്നും അത് അച്ഛന്‍ ശ്രദ്ധിച്ചിരുന്നെന്നും നവ്‌നൂർ പറയുന്നുണ്ട്. ആ ഇഷ്ടമാണ് എയര്‍ ഫ്രൈയറായി മുന്നിലെത്തിയത്.

നവജ്യോത് തനിക്ക് സഹോദരനെപ്പോലെയായിരുന്നുവെന്ന് സുഹൃത്ത് ഋഷഭ് പറയുന്നുണ്ട്. ഓരോ നിമിഷവും ആഘോഷമാക്കിയ വ്യക്തി. മികച്ച ഡ്രൈവര്‍. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നയാള്‍‌. ഒരു പ്ലാനിങുമില്ലാതെ ഒരുപാട് യാത്രകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഋഷഭ് പറയുന്നു. തന്‍റെ സുഹൃത്തിന് നീതി ലഭിക്കണമെന്ന് മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നും ഋഷഭ് പറയുന്നുണ്ട്. ‘ഡൽഹി പൊലീസ് കഴിവുള്ളവരാണ്. എനിക്ക് ഒരു ആഗ്രഹമേയുള്ളൂ. നവജ്യോതിന് നീതി ലഭിക്കണം. അപകടങ്ങൾ ആർക്കും സംഭവിക്കാം. പക്ഷേ ഒരു അപകടം സംഭവിച്ചാല്‍ ആദ്യം വിളിക്കുക പൊലീസിനെയും ആംബുലൻസിനെയുമാകും. എന്നാല്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍ എന്തിനാണ് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയില്‍ അവനെ കൊണ്ടുപോയത്? ആംബുലന്‍സ് വിളിച്ചിരുന്നെങ്കില്‍, അടുത്തുള്ള ആശുപത്രിയില്‍‌ എത്തിച്ചിരുന്നെങ്കില്‍‌ തന്‍റെ സുഹൃത്തിനെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ALSO READ: സ്ട്രെച്ചറിലൊന്നില്‍ ചലനമറ്റ് ഭര്‍ത്താവ്; മറ്റൊന്നില്‍ നിന്ന് കൈനീട്ടി ഭാര്യ...

bmw-crash-delhi

അപകടത്തില്‍ തകര്‍ന്ന കാറും കാറോടിച്ചിരുന്ന ഗുര്‍പ്രീത് സിങും

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹി കന്റോൺമെന്‍റ് മെട്രോ സ്റ്റേഷന് സമീപമാണ് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ കേന്ദ്ര ധനമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന നവജ്യോതും ഭാര്യയും സഞ്ചരിച്ച ബൈക്കില്‍ പിന്നില്‍ നിന്നും ഇടിക്കുന്നത്. രാവിലെ ദമ്പതികൾ സെൻട്രൽ ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദർശിച്ചിരുന്നു. ശേഷം ആർകെ പുരത്തെ കർണാടക ഭവനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് തിരികെ പ്രതാപ് നഗറിലെ വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം. അപകടത്തില്‍ നവജ്യോതിന്‍റെ തലയ്ക്കും മുഖത്തും പരിക്കേറ്റിരുന്നു. ഭാര്യ സന്ദീപ് കൗറിനും ഗുരുതരപരുക്കുകളുണ്ട്. 

അപകടത്തിന് പിന്നാലെ നവജ്യോതിനെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചത് ബിഎംഡബ്ല്യു ഓടിച്ചിരുന്ന 38 കാരിയായ ഗഗൻപ്രീത് കൗര്‍ തന്നെയാണ്. ഏകദേശം 19 കിലോമീറ്റർ അകലെയുള്ള ജിടിബി നഗറിലെ ഒരു ആശുപത്രിയിലാണ് ഇരുവരെയും എത്തിച്ചത്. പരിക്കേറ്റ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം 19 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാരണമെന്തായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. നവജ്യോതിനെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ഗഗൻപ്രീത് ചെയ്തില്ലെന്ന് ഭാര്യ സന്ദീപ് കൗര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം. ഇരുവരെയും എത്തിച്ച ജിടിബി നഗർ ആശുപത്രി കേസിലെ പ്രതിയായ ഗഗൻപ്രീതിന്‍റെ പിതാവിന്‍റെ സഹ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറയുന്നു. ഇത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമമെന്നാണ് നവജ്യോതിന്‍റെ കുടുംബം ആരോപിക്കുന്നത്. അപകടം സമയം കാര്‍ ഓടിച്ചിരുന്ന ഗഗൻപ്രീതിനും കാറിലുണ്ടായിരുന്ന ഭർത്താവ് പരീക്ഷിതിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, തെളിവ് മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

On his 22nd birthday, Delhi native Navnoor Singh faced unbearable grief as he attended his father Navjyot Singh’s funeral. Navjyot, who died in a tragic BMW accident near Delhi Cantonment Metro Station, had already ordered a surprise gift for his son — an air fryer and a shirt — which arrived on the same day. Navnoor’s mother, Sandeep Kaur, remains hospitalized with serious injuries. Questions arise as the accused driver, Gagandeep Kaur, took the couple 19 km away to a hospital linked to her family instead of the nearest facility. The incident has left the family shattered, demanding justice for Navjyot.