bmw-accident-delhi

TOPICS COVERED

ഡല്‍ഹിയില്‍ ബൈക്കില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മരിച്ച കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ആശുപത്രി കിടക്കയില്‍ നിന്ന് അന്ത്യയാത്ര പറഞ്ഞ് ഭാര്യ. ഞായറാഴ്ച ഡൽഹിയിലെ ധൗള കുവാനിൽ വച്ചായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു കാർ ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവജ്യോതും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകത്തില്‍ നവജ്യോത് സിങ് (52) മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം സംഭവിച്ച് 48 മണിക്കൂറുകള്‍ക്കു ശേഷം സ്ട്രെച്ചറിലാണ് ഭര്‍ത്താവിനെ അവസാനമായി കാണാന്‍ ഭാര്യയെത്തിയത്.

bmw-crash-delhi

അപകടത്തില്‍പ്പെട്ട് ബിഎംഡബ്ല്യു, കാര്‍ ഓടിച്ചിരുന്ന ഗഗൻപ്രീത് കൗര്‍

രണ്ട് സ്ട്രെച്ചറുകളില്‍ ഒന്നില്‍ നവജ്യോതിന്‍റെ മൃതദേഹവും മറ്റൊന്നില്‍ ഹൃദയം തകരുന്ന വേദനയുമായി ഭാര്യയും എത്തിയപ്പോള്‍ ചുറ്റുമുള്ള ബന്ധുക്കള്‍ക്കും കണ്ണീരടക്കാനായില്ല. അവസാനമായി നവജ്യോതിന് നേരെ സന്ദീപ് കൗര്‍ കൈനീട്ടിയപ്പോള്‍ ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. നവജ്യോത് സിങിന്‍റെ സംസ്കാര ദിവസമായ ഇന്ന് അദ്ദേഹത്തിന്‍റെ മകന്‍റെ 22ാം ജന്മദിനമാണെന്നതും നോവ് വര്‍ധിപ്പിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷന് സമീപമാണ് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നവജ്യോതും ഭാര്യയും സഞ്ചരിച്ച ബൈക്കില്‍ പിന്നില്‍ നിന്നും ഇടിക്കുന്നത്. രാവിലെ ദമ്പതികൾ സെൻട്രൽ ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദർശിച്ചിരുന്നു. ശേഷം ആർകെ പുരത്തെ കർണാടക ഭവനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് തിരികെ പ്രതാപ് നഗറിലെ വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം. അപകടത്തില്‍ നവജ്യോതിന്‍റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. സന്ദീപ് കൗറിനും ഗുരുതരപരുക്കുകളുണ്ട്. 

അപകടത്തിന് പിന്നാലെ നവജ്യോതിനെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചത് ബിഎംഡബ്ല്യു ഓടിച്ചിരുന്ന 38 കാരിയായ ഗഗൻപ്രീത് കൗര്‍ തന്നെയാണ്. ഏകദേശം 19 കിലോമീറ്റർ അകലെയുള്ള ജിടിബി നഗറിലെ ഒരു ആശുപത്രിയിലാണ് ഇരുവരെയും എത്തിച്ചത്. പരിക്കേറ്റ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം 19 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. നവജ്യോതിനെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ഗഗൻപ്രീത് ചെയ്തില്ലെന്ന് ഭാര്യ സന്ദീപ് കൗര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം, ഇരുവരെയും എത്തിച്ച ജിടിബി നഗർ ആശുപത്രി കേസിലെ പ്രതിയായ ഗഗൻപ്രീതിന്‍റെ പിതാവിന്‍റെ സഹ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറയുന്നു. ഇത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമമെന്നാണ് നവജ്യോതിന്‍റെ കുടുംബം ആരോപിക്കുന്നത്. അപകടം സമയം കാര്‍ ഓടിച്ചിരുന്ന ഗഗൻപ്രീതിനും കാറിലുണ്ടായിരുന്ന ഭർത്താവ് പരീക്ഷിതിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, തെളിവ് മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A tragic accident in Delhi’s Dhaula Kuan claimed the life of Navjot Singh (52), Deputy Secretary in the Union Finance Ministry, after a speeding BMW rammed into the bike he was riding with his wife, Sandeep Kaur. While Navjot died from severe head and facial injuries, his wife suffered critical injuries and bid a tearful farewell to her husband from a hospital stretcher 48 hours later. The incident occurred as the couple was returning home after visiting Bangla Sahib Gurudwara and Karnataka Bhavan. Shockingly, the BMW driver, Gagandeep Kaur, drove the injured couple 19 km to GTB Nagar Hospital, co-owned by her father, bypassing nearby hospitals. Police have charged Gagandeep and her husband Parikshit with culpable homicide not amounting to murder, rash driving, and evidence suppression. The tragedy deepened as the cremation coincided with the 22nd birthday of Navjot’s son.