ഇന്ത്യയുടെ പൈതൃകത്തിലും സംസ്കാരത്തിലുമൂന്നിയ വികസനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സാംസ്കാരികമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്. വളച്ചൊടിക്കപ്പെട്ട ചരിത്രം ഇപ്പോൾ ശരിയായ ചരിത്രത്തിലേക്ക് മാറുകയാണെന്നും ദ് വീക്ക് മാഗസീനിന്‍റെ ഹെറിറ്റേജ് അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ചരിത്ര, പൈതൃക സംരക്ഷണത്തില്‍ മികവു തെളിയിച്ച സംസ്ഥാനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഇന്ത്യയുടെ ചരിത്ര, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നവര്‍ക്ക് ആദരമായി ദ് വീക്ക് ഹെറിറ്റേജ് അവാര്‍ഡുകള്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിച്ച് വരും തലമുറകള്‍ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി.
ഹെറിറ്റേജ് അവാര്‍ഡ് പൈതൃക സംരക്ഷണത്തിന് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. പൈതൃകവും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് ദ് വീക്കിന്റെ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു. പൈതൃക ടൂറിസത്തില്‍ മികച്ച സംസ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മധ്യപ്രദേശിനും ഗുജറാത്തിനും സമ്മാനിച്ചു. തമിഴ്നാട്, ഉത്തരാഖണ്ഡ്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ ലഭിച്ചു. മേഘ റാവുത്തും കപില്‍ ശര്‍മയുമൊരുമിച്ച ജുഗല്‍ബന്ദിയും ചടങ്ങ് ഹൃദ്യമാക്കി.