സ്കൂള്‍ ഉച്ചഭക്ഷണമായി ചപ്പാത്തിയും പച്ചക്കറിക്കുറുമയും കഴിച്ച 90കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. രാജസ്ഥാനിലെ ദൗസയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് തലകറക്കവും കടുത്ത വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടു.
മൊത്തം 156 കുട്ടികളാണ് ഇതേ ദിവസം സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ചത്. കഴിച്ചതിനു പിന്നാലെ നിരവധി കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ സംഘം സ്കൂളിലേക്കെത്തി. പരിശോധനക്കിടെ പല കുട്ടികളും ചര്‍ദിക്കാന്‍ തുടങ്ങിയതോടെ ചില കുട്ടികളെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ 49 പേരെ ദൗസ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
കുട്ടികളെ പരിചരിക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും നിയോഗിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജില്ലാകലക്ടര്‍ ദേവേന്ദ്രകുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഉച്ചഭക്ഷണത്തിനു നല്‍കിയ ചപ്പാത്തിയും കുറുമയും ഉള്‍പ്പെടെ ഭക്ഷ്യവകുപ്പ് പരിശോധനക്കായി ശേഖരിച്ചു.
രണ്ട് അധ്യാപകര്‍ കഴിച്ചുനോക്കിയ ശേഷമാണ് സ്കൂളിലുണ്ടാക്കിയ ഭക്ഷണം കുട്ടികള്‍ക്കായി നല്‍കിയതെന്നും സാധാരണ രീതിയില്‍ പാചകം ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായൊന്നും സംഭവിച്ചില്ലെന്നും സ്കൂള്‍ അധികൃതര്‍ അവകാശപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കാണാനായി മന്ത്രിമാരും ജനപ്രതിനിധികളുമെത്തിയിരുന്നു.