ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഐ.ടി പ്രൊഫഷനലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്യമായി ഗുണംചെയ്യും. ഇന്ത്യയില്‍ നിന്നുള്ള പ്രഫഷണലുകളുടെ കുടുംബാംഗങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യാനുള്ള അനുമതിയടക്കം ലഭ്യമാവും. വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം അതത് രാജ്യങ്ങളില്‍ തുടരാനും സാധിക്കും.
യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകള്‍ക്ക് കൂടുതല്‍ അവസരം വാഗ്ദാനം ചെയ്യുന്നതാണ് വ്യാപാര കരാര്‍. ഐടി, പ്രൊഫഷണൽ സർവീസസ്, വിദ്യാഭ്യാസം തുടങ്ങി യൂറോപ്യൻ യൂണിയന്റെ 144 ഉപമേഖലകളിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനം ലഭിക്കും. യൂറോപ്പില്‍പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കുമ്പോള്‍ ആശ്രിതര്‍ക്ക് അവിടെ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.
കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്ന കമ്പനികളുടെ ജോലിക്കാര്‍ക്ക് 37 മേഖലകളിലും സ്വതന്ത്ര പ്രഫഷനലുകള്‍ക്ക് 17 മേഖലകളിലും തൊഴിലിന് അനുമതിയുണ്ടാകും. ഇന്ത്യന്‍ പാരമ്പര്യ വൈദ്യം പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്കും ഇളവുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ജോലിചെയ്യാനുള്ള സാഹചര്യവും കരാര്‍ ഉറപ്പാക്കുന്നു. കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുന്ന കരാര്‍ എന്നാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ 102 ഉപമേഖലകളിലേക്ക് യൂറോപ്പിനും പ്രവേശനം ലഭിക്കും. ഇതുവഴി അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപവും ഇന്ത്യയ്ക്ക് ലഭിക്കും.