കനത്ത സുരക്ഷയ്ക്ക് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരില്‍. മണിപ്പുരിന്റെ വികസനത്തിന് ഒപ്പമുണ്ടാകുമെന്നു മോദി. 7000 കോടിയുടെ വികസനപദ്ധതികള്‍ക്ക് തറക്കല്ലിട്ടു.
ഗോത്രവിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതികളാണിവ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മാറ്റമുണ്ടാകും. ദേശീയപാത വികസനത്തിനായി 3000 കോടിയിലേറെ നല്‍കി.
ചുരാചന്ദ്പൂര്‍ മണിപ്പൂരിന്റെ വികസന പ്രതീകമാണ്.
ഭാരത് മാതാ കി ജയ് വിളിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. ഏറേ സന്തോഷിപ്പിക്കുന്ന വലിയ ആള്‍ക്കൂട്ടമാണ് വന്നിരിക്കുന്നത്. കനത്ത മഴയിലും ഇത്രയും ആളുകള്‍ വന്നതില്‍ വലിയ സന്തോഷം. റോഡ് മാര്‍ഗം വന്നപ്പോള്‍ ദേശീയപതാകയേന്തിയ നിരവധിപ്പേരെ കണ്ടു. മണിപ്പുരിന്‍റെ വൈവിധ്യവും സംസ്കാരവും ഏറെ അതിശയിപ്പിക്കുന്നതാണ്. മണിപ്പുരിന്‍റെ വികസനത്തിന് ഒപ്പമുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മണിപ്പുരിലുണ്ടായിരുന്നു.
മണിപ്പുരിന്‍റെ റോഡ് – റയില്‍ വികസനത്തിന് കൂടുതല്‍ ബജറ്റ് വിഹിതം അനുവദിച്ചു. ദേശീയപാത വികസനത്തിനായി മൂവായിരം കോടിയിലേറെ രൂപ നല്‍കി. നേരത്തെ മണിപ്പുരിന്‍റെ വിദൂര ഗ്രാമങ്ങളിലെത്താന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ജിരിബാം – ഇംഫാല്‍ റയില്‍വേ ലൈന്‍ – ദേശീയ റയില്‍വേ പദ്ധതിയുടെ ഭാഗമാക്കി. വിവിധയിടങ്ങളില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു. വിമാന താവളത്തിലേക്ക് വേഗത്തില്‍ എത്താം. തൊഴിലില്ലായ്യ്ക്കും പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു.
വംശീയ കലാപം തുടങ്ങി രണ്ടേകാല്‍ വര്‍ഷം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പുര്‍ സന്ദര്‍ശനം. കലാപ ബാധിതരെ കണ്ടു. ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കനത്ത മഴമൂലം ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ചുരാചന്ദ്പൂരില്‍നിന്ന് മെയ്തമെയ് മേഖലയായ ഇംഫാലിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കാങ്‌ല കോട്ടയിലെ വേദിയിലേക്ക് എത്തും.
അതിനിടെ, പ്രധാനമന്ത്രിക്കെതിരെ ഗോ ബാക് വിളികളുമായി തൗബലില്‍ മെയ്തെയ് വനിതകള്‍ പ്രതിഷേധിച്ചു. മോദിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം മുറിവേറ്റ ജനതയോടുള്ള അപമാനമെന്നും ഖര്‍ഗെ പറഞ്ഞു.