രാജ്യത്തെ നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകത്ത് ഏറ്റവുമധികം നാളികേരം ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും 10 ദശലക്ഷം കര്‍ഷകര്‍ നാളികേരത്തെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നാളികേര ഉല്‍പാദനം ത്വരിതപ്പെടുത്താനും കൃഷി പ്രോല്‍സാഹിപ്പിക്കാനുമായി പ്രത്യേക പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. തീരമേഖലകളിലെ നാളികേര, കൊക്കോ, കശുവണ്ടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും നാളികേരത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും മല്‍സരക്ഷമത കൂട്ടാനും സഹായം നല്‍കുമെന്നും ഉല്‍പാദനം കുറഞ്ഞ തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ സാമ്പത്തികസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഗുണമേന്‍മയേറിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതും അവയുടെ കൃഷി വ്യാപകമാക്കുന്നതിനുമായി ഇതില്‍ പദ്ധതികളുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
കശുവണ്ടി മേഖലയ്ക്കായും ധനമന്ത്രി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കശുവണ്ടിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 2030 ഓടെ ഇന്ത്യന്‍ കാഷ്യുവിനെയും കൊക്കോയെയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വനിതകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. ഗ്രാമീണ വനിതാ സംരംഭകര്‍ക്കായി ഷീ മാര്‍ട്ട് പ്രഖ്യാപിച്ചു. സംരംഭങ്ങള്‍ക്ക് ധനസഹായവും ലഭ്യമാക്കും. ക്ലസ്റ്റര്‍ തല ഫെഡറേഷനുകള്‍ക്ക് കീഴില്‍ വരുന്നരീതിയിലാകും ഷീ മാര്‍ട്ടുകളുടെ പ്രവര്‍ത്തനം. ജീവനക്കാരില്‍ നിന്നും ഉടമസ്ഥതരായി സ്ത്രീകളെ മാറ്റുന്ന പദ്ധതിയാണിതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജനയും മന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ആത്മാഭിമാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ENGLISH SUMMARY:
Finance Minister Nirmala Sitharaman announced a transformative roadmap for India's plantation sector in the Union Budget 2026. A dedicated scheme for coconut farmers aims to enhance productivity and quality, benefiting over 10 million dependents in the industry. The government also set an ambitious goal to establish 'Indian Cashew' and Cocoa as premium global brands by 2030 through enhanced exports and quality standards. Financial aid will be provided to replace low-yielding coconut trees with high-quality varieties in coastal regions. For women empowerment, the 'She Mart' initiative was launched to support rural entrepreneurs by providing financial aid and market access through cluster-level federations. Additionally, the 'Divyangjan Kaushal Yojana' was introduced to provide skill development and dignified employment opportunities for persons with disabilities. These initiatives reflect the government's focus on inclusive growth and value addition in the agricultural sector. The coconut mission will focus on developing high-yielding varieties and expanding cultivation to new regions. She Marts are expected to transform women from daily wagers into owners of sustainable businesses. Stay tuned for more updates on how these budgetary allocations will impact Kerala’s economy and its traditional industries.