ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ ഹിമാചൽ പ്രദേശ്. നാലിടത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. നാല് പേരെ കാണാതായി. മഴക്കെടുതി തുടരുന്ന പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. ഡൽഹിയിൽ പ്രളയജലം ഇറങ്ങിത്തുടങ്ങിയതിനാൽ നിഗംബോദ് ഘട്ടിൽ ഉടൻ തന്നെ സംസ്കാരങ്ങൾ പുനരാരംഭിക്കും.
നടുക്കുന്നതാണ് ഹിമാചലിൽ നിന്നുള്ള ദൃശ്യങ്ങൾ. ഷിംല, കിന്നൗർ, സിമൗർ, അഖാര എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഖാര ബസാറിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട 7 പേരും കശ്മീർ സ്വദേശികളാണ്. 3 പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്കയച്ചു. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സിമൗറിൽ അഞ്ച് വീടുകൾ തകർന്നു.
ഹിമാചലിലും ഉത്തരാഖണ്ഡിലും റോഡുകളിൽ വീണ മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ചാർധാം യാത്ര പുനരാരംഭിച്ചു. ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. വരും ദിവസങ്ങളിൽ നാലിടത്തെയും സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. നാശനഷ്ടങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സംഘം സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് തുടരുകയാണ്.
വെള്ളം കുറഞ്ഞതോടെ രണ്ട് ദിവസമായി അടച്ചിട്ട ഡൽഹി നിഗംബോദ് ഘട്ടിൽ ഉടൻ സംസ്കാരങ്ങൾ പുനരാരംഭിക്കും. യമുന നദിയിലെ ജലനിരപ്പിലും നേരിയ കുറവുണ്ട്. സിവിൽ ലൈൻ, കശ്മീരി ഗേറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് കയറിയ വെള്ളം വറ്റി തുടങ്ങി.