വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ സമസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുംവരെ തല്‍സ്ഥിതി തുടരുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചുവെന്നാണ് പറയുന്നത്. എവിടെയെല്ലാമാണ് ഉറപ്പുലംഘിച്ച് വഖഫ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് എന്ന് നോക്കാം.
സമസ്ത നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മാത്രം മുപ്പതിലേറെ ഇടങ്ങളില്‍ വഖഫ് വസ്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ചുകളഞ്ഞുവെന്ന് വ്യക്തമാക്കുന്നു. ഇതില്‍ പലതും ചരിത്രപരമായിക്കൂടി പ്രാധാന്യമുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബഹ്റായ്ച്ചില്‍ ജൂണ്‍ എട്ടിനും ഒന്‍പതിനും ഇടയില്‍ നാല് സ്മൃതികുടീരങ്ങള്‍ തകര്‍ത്തു. ഇതില്‍ ഒരെണ്ണം 16 –ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നതാണ്. സിദ്ധാര്‍ഥ് നഗറില്‍ ബി.ജെ.പി എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് 150 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിച്ചു. മോത്തിപുരില്‍ 75 വര്‍ഷം പഴക്കമുള്ള പള്ളിയും 40 വര്‍ഷം പഴക്കമുള്ള മദ്രസയും തകര്‍ത്തു. ശ്രവസ്തി ജില്ലയില്‍ മാത്രം 23 മദ്രസകള്‍, രണ്ട് സ്മൃതി കുടീരങ്ങള്‍, ഒരു പള്ളി, രണ്ട് ഈദ് ഗാഹ് എന്നിവ തകര്‍ത്തുവെന്നും സമസ്ത ആരോപിക്കുന്നു. ഇതില്‍ പലതും കോടതിയുടെ പരിഗണനയില്‍ ഉള്ളതാണ്. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ കൂടി വാദംകേട്ടശേഷമായിരിക്കും ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.