ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെട്ട സംഘം കുടുങ്ങി. കല്‍പ്പയില്‍ കുടുങ്ങിയ 25 പേരില്‍ 18 മലയാളികളാണുള്ളത്. മണ്ണിടിച്ചില്‍മൂലം സംഘത്തിന് ഷിംലയിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ട്.
ഹിമാചലില്‍ ദിവസങ്ങളായി മേഘവിസ്ഫോടനവും മണ്ണിടിച്ചിലും തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തേക്കുള്ള പ്രധാന പാതകളെല്ലാം ഏറെക്കുറേ മണ്ണ് വീണ് അടഞ്ഞ അവസ്ഥയിലാണുള്ളത്. ഇതിനിടയിലാണ് ഇപ്പോൾ 25 അംഗ യാത്രാ സംഘം കുടുങ്ങിയിരിക്കുന്നത്. സംഘം രണ്ടു ദിവസമായി കിനോറിലുള്ള കൽപ്പ എന്ന ഗ്രാമത്തിലാണുള്ളത്.
ഷിംലയിലേക്ക് വന്നാൽ മാത്രമാണ് ഡൽഹിയിലേക്കോ കേരളത്തിലേക്കോ സംഘത്തിന് തിരിച്ചുപോകാൻ സാധിക്കുക. ഇവര്‍ താമസിക്കുന്ന ഹോട്ടലിൽ ഭക്ഷണത്തിനുള്ള ലഭ്യത കുറഞ്ഞു വരുന്നതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് സംഘം.