ജമ്മു കശ്മീരിലെ റിയാസി, റമ്പാന്‍ ജില്ലകളില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ പത്തുപേര്‍ മരിച്ചു. റിയാസിയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നാണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചത്. ബദ്ദർ ഗ്രാമത്തിലെ നസീർ അഹമ്മദിന്‍റെ വീടിനുമുകളിലാണ് രാത്രിയില്‍ മണ്ണിടിച്ചിലുണ്ടായത്. നസീർ അഹമ്മദ്, ഭാര്യ, അഞ്ച് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. 5നും 13 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തായാണ് റിപ്പോര്‍ട്ട്.
അതേസമയം, റമ്പാനില്‍ മേഘവിസ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. റമ്പാന്‍ ജില്ലയിലെ രാജ്ഗ്രഹ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളില്‍ 160 ലധികം പേരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും തീർത്ഥാടകരാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
കഠിനമായ കാലാവസ്ഥയെ തുടര്‍ന്ന് ജമ്മുവിലെ കത്രയില്‍ നിന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ അഞ്ചാം ദിവസവും നിർത്തിവച്ചിരിക്കുകയാണ്. ശ്രീനഗർ-ജമ്മു ദേശീയ പാതയും അടച്ചു. ഇത് എപ്പോൾ വീണ്ടും തുറക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ജമ്മു ഡിവിഷനിലുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും ഓഗസ്റ്റ് 30 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
അതേസമയം, വ്യാഴാഴ്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മേഖലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും രണ്ട് ദിവസത്തെ തുടർച്ചയായ മഴ മൂലമുണ്ടായ നാശനഷ്ടങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2014 ലെ വിനാശകരമായ വെള്ളപ്പൊക്കവുമായുള്ള സമാനതകള്‍ എടുത്തുകാട്ടിയ അദ്ദേഹം കഷ്ടിച്ചാണ് ജമ്മു– കശ്മീര്‍ രക്ഷപ്പെട്ടതെന്നും പറയുകയുണ്ടായി. തുടരുന്ന മഴ സമാനമായ ദുരന്തത്തിന് കാരണമായേക്കാം എന്നും ചൂണ്ടിക്കാട്ടിയിരുന്നു.