ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ 34 മരണം. വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 30 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. പഞ്ചാബിലും യു.പിയിലും ശക്തമായ മഴയുണ്ട്
ജമ്മുവിലെ കട്രയില്‍ നിന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് കാല്‍നടയായി പോകുന്ന പാതയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിലാണ് 30 പേര്‍ക്ക് ജീവന്‍ നഷ്‍ടമായത്. 23 പേര്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദുരന്ത നിവാരണ സേനകള്‍ക്കൊപ്പം കര, വ്യോമസേനകളും രക്ഷാദൗത്യത്തില്‍ പങ്കാളികളാണ്. ജമ്മു, സാംബ, അഖ്നൂര്‍, നഗ്രോട്ട മേഖലകളെല്ലാം വെള്ളത്തിലാണ്. തവി നദി കരകവിഞ്ഞ് പാലം ഒഴുകിപ്പോയി. പാലത്തില്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. നിരവധി റോഡുകളും തകര്‍ന്നു. ജമ്മുവില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ്, വൈദ്യുതി സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
രവി നദികരകവിഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ മധോപുരയില്‍ കുടുങ്ങിയ 22 അംഗ സി.ആര്‍.പി.എഫ്. സംഘം തലനിരാഴിയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെ കരസേന എയര്‍ലിഫ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണു. യു.പിയിലും ശക്തമായമഴയാണ്. വാരണസിയില്‍ ഗംഗാനദി കരകവിഞ്ഞ് ഘാട്ടുകളിലും വീടുകളിലും വെള്ളംകയറി.