ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്തതെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ. ഹിമാചല്‍ പ്രദേശിലെ ശ്രീ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലാണ് അനുരാഗ് ഠാക്കൂർ വിവാദ പരാമര്‍ശം നടത്തിയത്. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കണമെന്നും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ പറഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിന്‍റെയും ഹനുമാനെ കുറിച്ച് പറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ അനുരാഗ് ഠാക്കൂർ തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ബഹിരാകാശയാത്രയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ കുട്ടികളോട് ചോദിച്ചു. നീല്‍ ആംസ്ട്രോങ് എന്ന് കുട്ടികളില്‍ ചിലര്‍ ഉത്തരം നല്‍കുകയും ചെയ്തു. എന്നാല്‍ തന്‍റെ അറിവ് പ്രകാരം ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാനാണെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്‍റെ പ്രതികരണം. 'നമ്മളിപ്പോഴും വര്‍ത്തമാനകാലത്താണ്. ബ്രിട്ടീഷുകാർ നമുക്ക് നൽകിയ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെ അടുത്തറിയാനും ശീലിക്കണമെന്ന് ഠാക്കൂര്‍ കുട്ടികളോടായി പറഞ്ഞു. നമ്മുടെ വേദങ്ങളിലേക്കും, നമ്മുടെ പാഠപുസ്തകങ്ങളിലേക്കും, നമ്മുടെ വിജ്ഞാനങ്ങളിലേക്കും" നോക്കാൻ അദ്ദേഹം അധ്യാപകരെ ഉപദേശിച്ചു. 

‘പവൻസുത് ഹനുമാൻ ജി....ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന കുറിപ്പോടെയാണ് അനുരാഗ് ഠാക്കൂര്‍ പരിപാടിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വിഡിയോ വൈറലായോടെ അനുരാഗ് ഠാക്കൂറിനെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഠാക്കൂറിന്‍റെ വിവാദപരാമര്‍ശത്തിനെതിരെ ഡി.എം.കെ. എം.പി. കനിമൊഴി എക്സില്‍ കുറിച്ചത് ഇങ്ങനെ: 'ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്‌ട്രോങ് അല്ല, ഹനുമാനാണെന്ന് ഒരു പാർലമെൻ്റ് അംഗവും മുൻ കേന്ദ്രമന്ത്രിയും വിദ്യാർത്ഥികളോട് പറയുന്നത് അങ്ങേയറ്റം വിഷമിപ്പിക്കുന്ന കാര്യമാണ്. ശാസ്ത്രം കെട്ടുകഥയല്ല. ക്ലാസ്മുറികളിൽ യുവ മനസ്സുകളെ വഴിതെറ്റിക്കുന്നത് വിജ്ഞാനത്തോടും യുക്തിചിന്തയോടും നമ്മുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള ശാസ്ത്രബോധത്തോടുമുള്ള അവഹേളനമാണ്.' 

ENGLISH SUMMARY:

Anurag Thakur controversy revolves around his claim that Hanuman was the first astronaut. This statement, made at a National Space Day event, has sparked criticism and debate about science versus mythology.