ഗണേഷ് കുമാറിന്റെ കാൽനൂറ്റാണ്ട് തികയുന്ന രാഷ്ട്രീയ ജീവിതത്തിലുടനീളം വിവാദങ്ങളും കൂടെപ്പിറപ്പായി സഞ്ചരിച്ചു. ഗാർഹിക പീഡന കേസിനെ തുടർന്ന് സ്ഥാനം രാജിവെക്കേണ്ടിവന്ന ആദ്യ മന്ത്രിയാണ് ഗണേഷ്. 12 വർഷത്തിനിപ്പുറം സമാന ആരോപണത്തിലാണ് ഗണേശന്റെ മന്ത്രിസ്ഥാനം തുലാസിലായിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്പൻ ആയിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മകൻ. 2001 ൽ പത്തനാപുരത്ത് കന്നിയങ്കത്തിനിറങ്ങിയ ഗണേഷ് കുമാറിന് ബലം ആ മേൽവിലാസം ആയിരുന്നു. പിള്ളയെ വരിഞ്ഞുമുറുക്കിയ ഇടമലയാർ കേസിലെ നടപടികളെ തുടർന്ന് കന്നിയങ്കത്തിൽ തന്നെ ആന്റണി മന്ത്രിസഭയിൽ ഭാഗമാകാനുള്ള അവസരം ഗണേശന് വീണുകിട്ടി. ശ്രദ്ധേയ പരിഷ്കാരങ്ങളുമായി പേരെടുത്ത് നിൽക്കുമ്പോൾ 2003 അച്ഛനുവേണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞത് ത്യാഗപരിവേഷം നൽകി. ആർ ബാലകൃഷ്ണപിള്ളയ്ക്ക് പെരുന്തച്ചൻ എന്ന പേരും.
അവിടെ വഷളായി തുടങ്ങിയതാണ് അച്ഛൻ മകൻ ബന്ധം. 2006 ൽ ഗണേഷിന്റെ ജീവിതം ആസ്പദമാക്കി ദിലീപ് ലയൺ എന്ന സിനിമ ഇറക്കി. അതേവർഷം ബാലകൃഷ്ണപിള്ള പരാജയപ്പെട്ടു. പിള്ളയുടെ പാർലമെൻററി ജീവിതവും അവസാനിച്ചു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് പിള്ള അകത്തായപ്പോൾ, വിഎസിനെതിരായ ഗണേഷിന്‍റെ വാവിട്ട വാക്കുകളും വിവാദമായി.
2011ൽ ഉമ്മൻചാണ്ടി സർക്കാരിൽ വനം മന്ത്രി. പാർട്ടിയുടെ വലയം ഭേദിച്ചുള്ള യാത്രയിൽ പലതവണ ബാലകൃഷ്ണപിള്ള ക്ഷുഭിതനായി. മകനെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന് വരെ ആവശ്യപ്പെട്ടു. അങ്ങനെയിരിക്കയാണ് , മന്ത്രിമന്ദിരത്തിൽ മന്ത്രിയെ ഒരു യുവതിയുടെ ഭർത്താവ് കയ്യേറ്റം ചെയ്തെന്ന വാർത്ത. പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി ആദ്യ ഭാര്യ യാമിനി തങ്കച്ചി രംഗത്ത്.
മുഖത്തെ മുറിപ്പാട് കാണിച്ച് ഭാര്യയെ പ്രതിക്കൂട്ടിൽ നിർത്താൻ മന്ത്രിയുടെ ശ്രമം. മുറിവ് യുവതിയുടെ ഭർത്താവിൻറെ കയ്യേറ്റത്തിൽ ഉണ്ടായതാണെന്ന് യാമിനിയും. ഇന്ന് സംരക്ഷണകവചം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് CPM സംസ്ഥാന സെക്രട്ടറിയാണ്. അന്ന് പിണറായി പറഞ്ഞത് ഇന്ന് ട്രോൾ ആണ്. ഒടുവിൽ മന്ത്രി കുപ്പായം നഷ്ടമായി. അച്ഛനും മകനും രമ്യതയിൽ എത്തി മന്ത്രി സ്ഥാനത്തിന് കരുക്കൾ നീക്കിയെങ്കിലും ഉമ്മൻചാണ്ടി വഴങ്ങിയില്ല. ഇതാണ് ഉമ്മൻചാണ്ടിയെ സോളാർ പീഡനത്തിൽ കുരുക്കാനുള്ള ഗൂഢാലോചനയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടും ഗണേഷ് കുരുക്കിൽ പെട്ടിരിക്കുകയാണ്. ഒരിക്കൽ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് കാരണമായ സമാന ആരോപണത്തിൽ.