സിനിമയിലെ തീപാറും ഡയലോഗുകളും രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന ബോധ്യമുള്ളവരാണ് കേരളത്തിലെ വോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളിലെപ്പോലെ താരപ്പൊലിമ വോട്ടാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പൊതുവേ കുറവാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയ പല താര പ്രമുഖരും പണ്ടും പരാജയമറിഞ്ഞതാണ് ചരിത്രം. അതില്‍ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അടക്കമുള്ളവരുടെ പട്ടികയുണ്ട്. അപൂര്‍വം പേര്‍ മാത്രമാണ് വെള്ളിത്തിരയില്‍ നിന്നും കേരള രാഷ്്ട്രീയത്തിന്‍റെ തട്ടകത്തേക്ക് വിജയിച്ച് ചുവടുമാറിയത്.

ഇക്കുറി ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള ഒട്ടേറെപ്പേര്‍ രാഷ്ട്രീയത്തിന്‍റെ കളത്തിറിങ്ങി. താരങ്ങളെ ഇറക്കിയതില്‍ മൂന്നു മുന്നണികളും പിന്നോട്ടായില്ലെങ്കിലും താരബാഹുല്യം എന്‍ഡിഎയില്‍ ആയിരുന്നു. എല്‍ഡിഎഫ് രണ്ട് താരങ്ങളെയും യുഡിഎഫ് ഒരാളെയും ഭാഗ്യപരീക്ഷണത്തിനിറക്കിയെങ്കിലും വിജയമധുരം നുണയാനായത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്ക് മാത്രം.

കടുത്ത മല്‍സരത്തെയും ചൂടേറിയ രാഷ്ട്രീയ വാഗ്വാദങ്ങളെയും അതിജീവിച്ചാണ് ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രന്‍ എൻഎംആർ റസാഖ് എന്നിവരെ പിന്നിലാക്കി രമേഷ് പിഷാരടി കേരള നിയമസഭയിലെ കന്നിക്കാരനാകുന്നത്. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ അഭിമാന നേട്ടം. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയും രാഷ്ട്രീയഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയതായിരുന്നു. എന്നാല്‍ സിഎംപിയുടെ സി.പി. ജോണിനോട് തോറ്റ സുധീർ കരമന 35,723 വോട്ടോടെ  രണ്ടാമനായി. അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ഥിയായ വിവേക് ഗോപനാണ് പരാജയമറിഞ്ഞ മറ്റൊരു താര സ്ഥാനാര്‍ഥി.  23,760 വോട്ട് നേടിയ വിവേക് ഗോപന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിഗ് ബോസ് താരങ്ങളായ രണ്ടുപേരും പരാജയമറിഞ്ഞവരില്‍പ്പെടും. കുണ്ടറയിൽ എന്‍ഡിഎ സ്ഥാനാർഥിയായ റോബിൻ രാധാകൃഷ്ണനും തൃക്കാക്കരയിൽ എന്‍ഡിഎ സ്ഥാനാര്‍ഥി അഖിൽ മാരാരും പോരാടിത്തോറ്റു. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ അഞ്ജലി നായർ 29,471 വോട്ടും അങ്കമാലിയിൽ പ്രോമി കുര്യാക്കോസ് 9893 വോട്ടും നേടി മൂന്നാം സ്ഥാനക്കാരായി.

പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥിയും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്‍റെയും സിറ്റിങ് എംഎൽഎയും ഗായികയുമായ ദലീമ ജോജോയുടെയും തോല്‍വി ഈ നിരയില്‍ മാത്രം ഒതുക്കാനാകില്ലെങ്കിലും കാലിടറിയ താരസ്ഥാനാര്‍ഥികളില്‍ ആ പേരുകളും ഇനി കൂട്ടിച്ചേര്‍ക്കേണ്ടിവരും.

ENGLISH SUMMARY:

Kerala voters clearly understand that fiery movie dialogues and politics are two entirely different arenas. That is precisely why attempts to convert cinematic popularity into votes are comparatively rare in Kerala, unlike in neighbouring states. History shows that many film personalities who tried their luck in Kerala politics ended up facing defeat. The list includes legendary actor Prem Nazir. Only a handful have successfully crossed over from the silver screen to make a winning mark in Kerala’s political landscape