വെള്ളച്ചാട്ടത്തിനരികെ വിഡിയോ ഷൂട്ട് ചെയ്യവെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍. സാഗര്‍ തുടു എന്ന 22കാരനായ യൂട്യൂബറാണ് ഒഡീഷയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയത്.
വെള്ളച്ചാട്ടത്തിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു തുടു. എന്നാല്‍ പൊടുന്നനെ വെള്ളം കുത്തിപ്പാഞ്ഞെത്തുകയും തുടു ഒരു പാറയ്ക്ക് മുകളില്‍ ഒറ്റപ്പെടുകയുമായിരുന്നു. തുടുവിനെ രക്ഷിക്കാനായി ആളുകള്‍ കയറും മറ്റും ഇട്ടുകൊടുക്കുന്നത് കാണാനാവുന്നെങ്കിലും ശക്തമായ ഒഴുക്കില്‍ തുടു നിലതെറ്റി വീഴുകയായിരുന്നു.
പ്രകൃതിസൗന്ദര്യമുള്ള പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന യൂട്യൂബറാണ് സാഗര്‍ തുടുവും സുഹൃത്ത് അഭിജിത്ത് ബെഹ്‌രയും. പുഴയുടെ ഏറെ മുകളിലുള്ള മച്ചകുണ്ഠ ഡാം കനത്ത മഴയെത്തുടര്‍ന്ന് തുറന്നുവിട്ടതോടെയാണ് വെള്ളം കുത്തിപാഞ്ഞെത്തിയത്. പ്രദേശവാസികളെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സഞ്ചാരികള്‍ ഈ വിവരം അറിയാഞ്ഞതാണ് പ്രശ്നമായത്. ഒഴുക്കില്‍ പെട്ട സാഗറിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.