ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കവെയാണ് പരാതിക്കാരന്‍ എന്ന വ്യാജേന എത്തിയ ആള്‍ മുഖത്തടിച്ചത്. അക്രമിയെ കസ്റ്റഡിയില്‍ എടുത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ചു.
രാവിലെ എട്ടുമണിയോടെയാണ് രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം ഉണ്ടായത്. പരാതി ബോധിപ്പിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയ ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് ഭായ് സകാറിയ ഭാരമുള്ള വസ്തു കൊണ്ട് മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യംചെയ്തു വരികയാണ്. മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. മൃഗസ്നേഹിയാണ് അക്രമിയെന്ന് നാട്ടുകാര്‍ പറയുന്നു.
ആക്രമണത്തിന് പിന്നാലെ കമ്മിഷണറടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ തേടി. അങ്ങേയറ്റം അപലപനീയമാണ് ആക്രമണമെന്നും പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. പ്രതിപക്ഷ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ ആരോപിച്ചു.
ആക്രമണം അപലപനീയമാണെന്നു പറഞ്ഞ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു പോലും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് വിമര്‍ശിച്ചു. ആക്രമണത്തെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു.