ഇന്ത്യയുടെ മുഖ്യതെരത്തെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാർ ബിജെപിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചുമതല സത്യസന്ധമായി നിർവഹിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഓർക്കണമെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
എല്ലായിടത്തും വോട്ട് കൊള്ള നടക്കുകയാണ്. വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ അതൊന്നും പരിശോധിക്കാൻ തയ്യാറാകുന്നില്ല. രാജ്യം ഉടൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സത്യപ്രസ്താവന ആവശ്യപ്പെടും. ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷന്‍റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷനെ വോട്ട് റദ്ദാക്കൽ യോജന എന്നാണ് ഇന്ത്യ സഖ്യം വിശേഷിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ പുതിയ വക്താവെന്നും വിമർശനമുണ്ട്. അതേസമയം വോട്ട് കൊള്ളയ്ക്കെതിരായ ജനകീയ മാർച്ചായി ബീഹാറിലെ ഗ്രാമങ്ങളിലൂടെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുകയാണ്.
കുടുംബയിൽ നിന്ന് ഗയയിലക്കുള്ള വോട്ടർ അധികാർ യാത്രയുമായി എത്തുന്ന രാഹുൽ ഗാന്ധിയെയും ഇന്ത്യ നേതാക്കളെയും കാത്ത് ആയിരങ്ങൾ ഗ്രാമപാതയോരങ്ങളിൽ നിന്നു. വോട്ടവകാശം നഷ്ടപ്പെട്ടവരുമായി രാഹുൽ ഗാന്ധി സംവദിച്ചു.
ദരിദ്രരുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്നും വോട്ട് കൊള്ള അവസാനിപ്പിക്കുമെന്നും രാഹുൽ ഗാന്ധിയുടെ ഉറപ്പ്.അതേസമയം ഡൽഹിയിൽ എഎപിയെ അടക്കം ഒപ്പം നിർത്തിയാണ് ഇന്ത്യ സഖ്യം രാഹുലിന്റെ ആരോപണങ്ങൾ ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ കടന്നാക്രമിച്ചത്.